ഗുജറാത്തില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; പൈലറ്റ് കൊല്ലപ്പെട്ടു, അന്വേഷണം തുടങ്ങി
ദില്ലി: ഇന്ത്യന്‍ വ്യോമ സേനയുടെ വിമാനം ഗുജറാത്തിലെ കച്ചില്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. കച്ചിലെ മുന്‍ട്ര ജില്ലയിലാണ് ജാഗുവര്‍ വിമാനം തകര്‍ന്നത്. ജാംനഗര്‍ വ്യോമ സേനാ താവളത്തിലെ വിമാനമാണ് തകര്‍ന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വിമാനത്തിന്റെ പൈലറ്റ് കമാന്റര്‍ സഞ്ജയ് ചൗഹാനാണ് മരിച്ചത്. വിമാനം തകര്‍ന്നു വീണ സ്ഥലത്ത് പശുക്കള്‍ മേയുന്നുണ്ടായിരുന്നു. അഞ്ച് പശുക്കള്‍ ചത്തു. രാവിലെ 10.30നാണ് സംഭവം. പതിവ് പരിശീലന പറക്കല്‍ നടത്തുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ചൗഹാന്‍ അല്‍പ്പ നേരം കഴിഞ്ഞാണ് മരിച്ചത്. വ്യോമസേനാ വിമാനം തകര്‍ന്നു വീഴുന്നത് തുടര്‍കഥയാകുകയാണ്. അടുത്തിടെ അസമിലെ മാഞ്ചുലി ദ്വീപില്‍ വ്യോമസേനാ വിമാനം തകര്‍ന്നിരുന്നു. രണ്ട് പൈലറ്റുമാരാണ് അന്ന് മരിച്ചത്. വിങ് കമാന്റര്‍ ജെ ജെയിംസും ഡി വാട്‌സുമാണ് മരിച്ചത്.
വിമാന യാത്രക്കിടെ സംശയം തോന്നിയ പൈലറ്റുമാര്‍ അടിയന്തരമായി ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വിമാനം മണലില്‍ പതിച്ച് കത്തുകയായിരുന്നു.












Click it and Unblock the Notifications