കശ്മീരില്‍ 'ഉടക്കിയ' കണ്ണന്‍ ഐഎഎസിന് നോട്ടീസ്; ഓഫീസിലെത്താന്‍ നിര്‍ദേശം
ദാമന്‍: കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിയന്ത്രണങ്ങളില്‍ മനംമടുത്ത് ഐഎഎസ് രാജിവച്ച മലയാളിയായ കണ്ണന്‍ ഗോപിനാഥന് നോട്ടീസ്. രാജിക്കത്ത് സ്വീകരിക്കുന്നത് വരെ ജോലിയില്‍ പ്രവേശിക്കാന്‍ ഉദ്യോഗസ്ഥ കാര്യ വകുപ്പ് നിര്‍ദേശിച്ചു. കേന്ദ്രഭരണപ്രദേശമായ ദാദ്ര നാഗര്‍ ഹാവേലിയുടെ തലസ്ഥാനമായ സില്‍വസ്സയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു കണ്ണന്‍ ഐഎഎസ് താമസിച്ചിരുന്നത്. ഇവിടെ വാതിലില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്.

ഉടനെ ജോലിയില്‍ പ്രവേശിക്കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. ഇദ്ദേഹം നല്‍കിയ രാജി ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. രാജി സ്വീകരിക്കുന്നത് വരെ ജോലി ചെയ്യണമെന്നതാണ് ചട്ടം. ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഗുര്‍പീത് സിങ് ആണ് നോട്ടീസില്‍ ഒപ്പുവച്ചിരിക്കുന്നത്. നോട്ടീസ് സംബന്ധിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് കണ്ണന്‍ ഐഎഎസ് പറഞ്ഞു. കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ദാദ്ര ആന്റ് നാഗര്‍ ഹാവേലിയിലെ നഷ്ടത്തിലായിരുന്ന വൈദ്യുതി വിതരണ ശൃംഖല വന്‍ ലാഭത്തിലേക്ക് എത്തിച്ച ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തില്‍ പ്രളയകാലത്ത് ആരുമറിയാതെ കൊച്ചിയില്‍ സേവനപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കണ്ണന്‍ ഐഎഎസിന്റെ ചുമടെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിക്ക് കീഴിലുള്ള ഉദ്യോഗസ്ഥകാര്യ മന്ത്രാലയത്തിന് രാജികത്ത് നല്‍കിയത്. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസമാകുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് കണ്ണന്‍ ഗോപിനാഥന്‍.
20 ദിവസമായി കശ്മീരിലെ ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിക്കുന്നില്ല. ഒട്ടേറെ ഇന്ത്യക്കാര്‍ ഇതിനോട് യോജിക്കുന്നു. 2019ലെ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാല്‍ പൗരന്മാര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല. ഇതാണ് പ്രശ്‌നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികള്‍ക്ക് അവകാശമുണ്ട്- കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.












Click it and Unblock the Notifications