രാത്രികളില്‍ ഞാന്‍ തളര്‍ന്ന് കരയും: അമ്മയെന്നത് വലിയ വെല്ലുവിളിയെന്ന് ഐഎഎസ് ഓഫീസര്‍
കരിയറില്‍ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നവരാണ് ഇന്നത്തെ സ്ത്രീകള്‍. മികച്ച വിദ്യാഭ്യാസവും ജോലിയും നേടി ജീവിതം സുരക്ഷിതമാക്കുന്നതിനെക്കുറിച്ച് അവര്‍ ബോധവതികളാണ്. പലപ്പോഴും കരിയറും കുടുംബ ജീവിതവും ഒന്നിച്ചുകൊണ്ടുപോകുക എന്നത് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ചിലര്‍ക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കുമെങ്കിലും ഭൂരിപക്ഷം പേര്‍ക്കും മക്കള്‍ വളരുന്നതു വരെ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരാറുണ്ട്. ജോലിത്തിരക്ക് മൂലം മക്കള്‍ക്കൊപ്പം സമയം പങ്കിടാനും അവരുടെ കാര്യങ്ങള്‍ വേണ്ടവിധം നോക്കാനും കഴിയുന്നില്ലെന്ന വിഷമം ഉള്ളിലൊതുക്കുന്ന സ്ത്രീകള്‍ നിരവധിയുണ്ട്.
ഇപ്പോഴിതാ പ്രൊഫഷണല്‍ ജീവിതവും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ടു പോകാന്‍ നേരിടുന്ന പ്രതിസന്ധികളാണ് ഉത്തര്‍ പ്രദേശ് കേഡറിലെ ഐഎഎസ് ഓഫീസറായ ദിവ്യ മിത്തല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തുന്നതിലെ വെല്ലുവിളികളെക്കുറിച്ചാണ് ദിവ്യ പറയുന്നത്. ഇന്നലെ വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു ദിവ്യ സമൂഹ മാധ്യമത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിഷമങ്ങളെക്കുറിച്ച് കുറിപ്പ് പങ്കിട്ടത്.

'ഞാന്‍ ഒരു ഐഎഎസ് ഓഫീസറാണ്. ഞാന്‍ ഐഐടിയിലും ഐഐഎമ്മിലും പഠിച്ചിട്ടുണ്ട്. ഇതെല്ലാം നേടാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ എന്റെ രണ്ട് മക്കളെ വളര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് തുല്യമായി ഒന്നുമില്ല. തന്റെ മൂത്ത മകള്‍ക്ക് എട്ട് വയസുണ്ട്. ലോകം അവളുടെ ശബ്ദം ഉയരാതിരിക്കാന്‍ ശ്രമിക്കുന്നു. ഒരു രക്ഷിതാവ് എന്ന നിലയില്‍, പെണ്‍മക്കളുടെ ശബ്ദം പ്രധാനമാണെന്ന് അവരെ പഠിപ്പിക്കുക എന്നതാണ് എന്റെ ജോലി' - ദിവ്യ കുറിച്ചു.
ജോലിത്തിരക്കിനും കുടുംബത്തിനും ഇടയില്‍ താന്‍ പലപ്പോഴും തളര്‍ന്ന് കിടന്ന് ഉറങ്ങാറുണ്ടെന്ന് അവര്‍ സമ്മതിക്കുന്നു. അത്തരം സമയങ്ങളില്‍, മകളുടെ ആലിംഗനം ആശ്വാസമാകും. കുട്ടികള്‍ അവരുടെ മാതാപിതാക്കളില്‍ നിന്നാണ് പഠിക്കുന്നത്. 'ചില രാത്രികളില്‍ ഞാന്‍ തളര്‍ന്ന് കരയും. മകള്‍ എന്നെ കെട്ടിപ്പിടിച്ച് പറയും, 'അമ്മയാണ് എന്റെ ഹീറോ' എന്ന്. അവര്‍ നമ്മളെ നിരന്തരം നിരീക്ഷിക്കുന്നു. നമ്മുടെ പരാജയങ്ങളില്‍ നിന്ന് അവര്‍ പ്രതിരോധശേഷി നേടുന്നു. വീഴ്ച്ചകള്‍ സംഭവിക്കുമെന്ന് മക്കള്‍ക്കു കാണിച്ചുകൊടുക്കുക. എന്നിട്ട് എഴുന്നേല്‍ക്കണം.
പെണ്‍മക്കളെ തെറ്റുകള്‍ വരുത്താനും അതില്‍ നിന്ന് പഠിക്കാനും അനുവദിക്കുക. ഒരമ്മ മക്കളുടെ ഊന്നുവടിയല്ല, പാറയായിരിക്കണം. മകള്‍ വീണ് എഴുന്നേല്‍ക്കട്ടെ, എന്തുതന്നെയായാലും നിങ്ങള്‍ അവിടെയുണ്ടാകുമെന്ന് അവളെ ബോധ്യപ്പെടുത്തുക.
മാതൃത്വം എന്നത് കുറ്റബോധം നിറഞ്ഞതാണ്. അമ്മമാര്‍ നിരന്തരം സ്വയം ചോദ്യം ചെയ്യുന്നു. അത്തരം അമ്മമാര്‍ക്കുള്ള എന്റെ ഉപദേശം? നിങ്ങള്‍ സ്വയം ക്ഷമിക്കൂ എന്നാണ്. മഹത്വം നേടാന്‍ ഒരു പുരുഷനാകേണ്ടതില്ലെന്ന് പെണ്‍മക്കളെ പഠിപ്പിക്കണം. തന്നോട് തന്നെ സത്യസന്ധത പുലര്‍ത്താന്‍ അവളെ പഠിപ്പിക്കുക. ഈ ലോകത്തെ മികച്ചതാക്കാന്‍ സഹാനുഭൂതി, സ്‌നേഹം, ദയ എന്നിവ പ്രകടിപ്പിക്കാന്‍ മക്കളെ പഠിപ്പിക്കുക - മിത്തല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications