മുപ്പത്തിനാലാമത്തെ തവണയും കേന്ദ്ര നിരീക്ഷകൻ: രാജു നാരായണ സ്വാമി റെക്കോർഡിലേക്ക്
കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി മുപ്പത്തിനാലാമത്തെ തവണയും കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകൻ. ഇത്തവണത്തെ അദ്ദേഹത്തിന്റെ ഊഴം മഹാരാഷ്ട്രയിലെ കോൽഹാപ്പൂരിലെ ഉപതിരഞ്ഞെടുപ്പിലാണ്. മൂന്നാം തവണയാണ് രാജു നാരായണ സ്വാമി മഹാരാഷ്ട്രയിൽ നിരീക്ഷകനാകുന്നത്. 2018ലെ സിംബാബ്വെ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു. സ്വാമിയുടെ
തിരഞ്ഞെടുപ്പ് കരിയറിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ആയിരുന്ന നാരായൺ റാണെ
മത്സരിച്ച കുടാൽ പോലെയുള്ള ഹൈ പ്രൊഫൈൽ മണ്ഡലങ്ങളും ഉൾപ്പെടും.
1991 ബാച്ചിലെ ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമി നിലവിൽ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ആണ്. അഞ്ച് ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ , മാര്‍ക്കറ്റ് ഫെഡ് എംഡി, കാര്‍ഷികോത്പാദന കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അഴിമതിക്കെതിരെയുളള പോരാട്ടത്തിന് ഐഐടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018ലെ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു. 29 പുസ്തകങ്ങളുടെ രചയിതാവായ സ്വാമിക്ക് 2003ല്‍ ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന അംഗീകാരമായ ലിയനാര്‍ഡോ ഡാവിഞ്ചി ഫെലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് രാജു നാരായണസ്വാമിക്ക് ലഭിച്ചത്.












Click it and Unblock the Notifications