ഒരു കിലോ സ്വർണം കൈയ്യിലുണ്ടെങ്കിൽ ഒരു പ്രൈവറ്റ് ജെറ്റ് വാങ്ങാനാകും, 2040 ൽ; വൈറലായി ഗോയങ്കയുടെ പ്രവചനം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വിലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഒരാഴ്ച കൊണ്ട് ഏകദേശം അയ്യായിരത്തോളം രൂപയാണ് ഇടിഞ്ഞത്. എന്നാൽ ഇന്ന് സ്വർണ വില വീണ്ടും കുതിച്ചു. ഗ്രാമിന് 115 രൂപ കൂടി 11,515 രൂപയായി. പവൻ വില ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് വില 92120 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ ഉയർന്ന് 9,530 രൂപയും.
വരും ദിവസങ്ങളിലും വില കുതിച്ച് കയറുമെന്ന് തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം അവസാനത്തോടെ ആഗോള വിപണിയിൽ ഔൺസിന് വില 5000 തൊട്ടാൽ പോലും അത്ഭുതപ്പെടാൻ ഇല്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് വർഷം കൊണ്ട് ,അതായത് 2028 ൽ സ്വർണ വില 8000ഡോളർ വരെ എത്തിയേക്കുമെന്നാണ് ജെപി മോർഗൻ പോലുള്ള ബാങ്കുകൾ പ്രവചിക്കുന്നത്.

ഇത്തരം പ്രവചനങ്ങൾക്കിടെ ഇതാ വ്യവസായി ഹർഷ് ഗോയങ്കയുടെ ഒരു നിരീക്ഷണം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധ നേടുകയാണ്.നിക്ഷേപ ലോകത്ത് സ്വർണ്ണത്തിനുള്ള പ്രാധാന്യം വീണ്ടും ചർച്ചയായിരിക്കുകയാണ്. വ്യവസായി ഹർഷ് ഗോയങ്കയുടെ ഒരു നിരീക്ഷണം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധ നേടുകയും ചെയ്തു. പതിറ്റാണ്ടുകളായി സ്വർണവിലയിൽ ഉണ്ടായ കുതിച്ചുചാട്ടം താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്,
വർഷങ്ങളായി സ്വർണ്ണം എങ്ങനെയാണ് മൂല്യം വർദ്ധിപ്പിച്ചതെന്ന് ആർപിജി എന്റർപ്രൈസസിന്റെ ചെയർമാനായ ഗോയങ്ക വിശദീകരിച്ചു. 1990-കളിൽ ഒരു കിലോ സ്വർണം അന്നത്തെ മധ്യവർഗ്ഗത്തിന്റെ പ്രിയപ്പെട്ട കാറായ മാരുതി 800 വാങ്ങാൻ മതിയായിരുന്നു. എന്നാൽ, 2005-ഓടെ അതേ അളവ് സ്വർണം ഉണ്ടെങ്കിൽ ടൊയോട്ട ഇന്നോവ വാങ്ങാൻ പര്യാപ്തമായി.
2010-ൽ ടൊയോട്ട ഫോർച്യൂണറിന് തുല്യമായ മൂല്യം സ്വർണ്ണത്തിനുണ്ടായി. 2019-ൽ ഒരു ബിഎംഡബ്ല്യു കാർ വാങ്ങാൻ ഒരു കിലോ സ്വർണ്ണം മതിയായിരുന്നു. എന്നാൽ 2025-ൽ ഒരു കിലോ സ്വർണത്തിന്റെ മൂല്യം ഒരു ആഡംബര ലാൻഡ് റോവറിന് തുല്യമായി മാറിയിരിക്കുന്നു. ഈ പ്രവണത തുടരുകയാണെങ്കിൽ, 2040-ഓടെ ഒരു കിലോ സ്വർണ്ണത്തിന്റെ വില ഒരു സ്വകാര്യ വിമാനത്തിന്റെ വിലയ്ക്ക് തുല്യമാകുമെന്ന് ഗോയങ്ക പ്രവചിച്ചു. ഈ താരതമ്യം അതിശയോക്തിപരമായി തോന്നാമെങ്കിലും, സ്വർണ്ണത്തിലെ ദീർഘകാല നിക്ഷേപം ചരിത്രപരമായി വലിയ വരുമാനം നൽകിയിട്ടുണ്ട് എന്ന വസ്തുത ഇത് അടിവരയിടുന്നു.
ഈ വർഷം മാത്രം സ്വർണ്ണം അസാധാരണമായ നേട്ടമാണ് സ്വർണം കൈവരിച്ചത്. നിലവിൽ ഒരു കിലോ സ്വർണ്ണത്തിന് 1.21 കോടി രൂപയോളമാണ് വില. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) ഈ വർഷം സ്വർണവില ഏകദേശം 47% വർദ്ധിച്ചതായി വ്യവസായ വിദഗ്ദ്ധർ പറയുന്നു. 2025-ലെ മികച്ച പ്രകടനം കാഴ്ചവെച്ച ആസ്തികളിൽ ഒന്നായി ഇതോടെ സ്വർണം മാറി. അന്താരാഷ്ട്ര സ്വർണ്ണവില ആദ്യമായി ഔൺസിന് 3,890 ഡോളർ കടന്നു. നിലവിൽ ഔൺസിന് 4,100 ഡോളർ റേഞ്ചിലുള്ള രാജ്യാന്തരവില വൈകാതെ 4,500 ഡോളർ ഭേദിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് ഈ വിലവർദ്ധനവിന് പ്രധാന കാരണം. യുഎസ് ഡോളറിന്റെ മൂല്യത്തകർച്ച, വർദ്ധിച്ചുവരുന്ന ധനക്കമ്മി, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവയെല്ലാം സ്വർണ്ണവില ഉയരാൻ കാരണമായെന്ന് സാമ്പത്തിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹർഷ് ഗോയങ്കയുടെ സാമൂഹിക മാധ്യമ പോസ്റ്റ് ലളിതമായ രീതിയിലാണെങ്കിലും, സ്വർണ്ണം ഒരു ദീർഘകാല നിക്ഷേപമായി എന്നും നിലനിൽക്കുന്നതും പ്രതിഫലദായകവുമാണെന്ന് ഇത് അടിവരയിടുന്നത്. സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി തുടരുമ്പോഴും, നിക്ഷേപ തീരുമാനങ്ങൾ വിദഗ്ദ്ധോപദേശത്തിന് ശേഷവും വ്യക്തിഗത സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ചും ആയിരിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ ഉപദേശിക്കുന്നത്.












Click it and Unblock the Notifications