മന്ത്രിക്കൊപ്പം സെല്‍ഫി എടുക്കാനെത്തിയവര്‍ ഞെട്ടി; 100 രൂപ നല്‍കണമെന്ന്...
ഭോപ്പാല്‍: പ്രവര്‍ത്തകര്‍ ആവേശത്തോടെ സെല്‍ഫി എടുക്കാനെത്തിയപ്പോള്‍ മന്ത്രിയുടെ നിബന്ധന. ഒരാള്‍ക്ക് സെല്‍ഫി എടുക്കണമെങ്കില്‍ നൂറ് രൂപ തരണം. കേട്ടവരെല്ലാം അന്തംവിട്ടു. നേരത്തെ പലതവണ വിവാദ പ്രസ്താവനകള്‍ നടത്തിയ മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍ ആണ് ഇത്തവണ സെല്‍ഫിക്ക് പണം പിരിക്കുമെന്ന് പറഞ്ഞ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്.

പണം അവര്‍ക്കുള്ളതല്ല. പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമല്ലോ എന്ന് ഉഷ താക്കൂര്‍ പറയുന്നു. ഖന്ത്വയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവര്‍ക്കുമൊപ്പം സെല്‍ഫി എടുക്കുന്നതിന് ഏറെ സമയം എടുക്കും. അതുകൊണ്ട് സെല്‍ഫി എടുക്കണമെന്നുള്ളവര്‍ 100 രൂപ തരണം. ആ പണം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം. പാര്‍ട്ടി ട്രഷററുടെ കൈവശം പണം നല്‍കിയാല്‍ മതിയാകുമെന്നും ഉഷ താക്കൂര്‍ പറഞ്ഞു.
പൊതു പരിപാടിയില്‍ തന്നെ സ്വീകരിക്കാന്‍ നില്‍ക്കുന്നവര്‍ പൂക്കള്‍ നല്‍കരുതെന്ന് നേരത്തെ മന്ത്രി പറഞ്ഞത് വിവാദമായിരുന്നു. അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച ബിജെപി നേതാവാണ് ഉഷ താക്കൂര്‍. കൊറോണ വൈറസിന്റെ രണ്ടു വാക്‌സിനും എടുത്തവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായുള്ള പിഎം കെയര്‍ ഫണ്ടിലേക്ക് 500 രൂപ വീതം സംഭാവന നല്‍കണമെന്ന ഉഷാ താക്കൂറിന്റെ പ്രസ്താവനയും വിവാദമായിരുന്നു.












Click it and Unblock the Notifications