പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവെച്ച് കൊല്ലണം, വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി
Recommended Video
ദില്ലി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടക്കുന്ന സമരങ്ങളിൽ പൊതുമുതൽ നശിപ്പിക്കുന്നവരെ കണ്ടാൽ ഉടൻ വെടിവെയ്ക്കണമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി.
ആരെങ്കിലും പൊതുമുതൽ നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ വെടിവെച്ച് കൊല്ലണമെന്ന് ജില്ലാ ഭരണകൂടത്തോടും റെയിൽവേ അധികൃതരോടും പറഞ്ഞിട്ടുണ്ട്. റെയിൽവേ സഹമന്ത്രി എന്ന നിലയിലാണ് ഞാൻ ഈ നിർദ്ദേശം നൽകിയതെന്നും സുരേഷ് അംഗാദി പറഞ്ഞു.

പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ റെയിൽവേ കനത്ത നഷ്ടം നേരിടുമ്പോൾ ഇത്തരം നാശനഷ്ടങ്ങൾ കൂടി സഹിക്കാൻ കഴിയില്ല. ജനങ്ങൾക്ക് സുഖകരമായ യാത്രസൗകര്യം ഒരുക്കാനായി 13 ലക്ഷത്തോളം ജീവനക്കാരാണ് രാവും പകലുമായി അധ്വാനിക്കുന്നത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ചില സാമൂഹ്യ വിരുദ്ധരാണ് രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. പണ്ട് സർദാർ വല്ലഭായ് പട്ടേൽ സ്വീകരിച്ച നടപടികൾപോലെ പ്രതിഷേധക്കാർക്കെതിരെ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും സുരേഷ് അംഗാദി ആവശ്യപ്പെട്ടു.
അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് ഭേദഗതി, ആരുടെയും പൗരത്വം ഇതിൽ നഷ്ടമാകുന്നില്ല. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി പശ്ചമ ബംഗാളിൽ നിരവധി ട്രെയിനുകൾ കത്തിക്കുകയും റെയിൽ വേ സ്റ്റേഷനുകൾ ആക്രമിക്കുകയും ചെയ്തിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും ട്രെയിൻ സർവീസുകൾ പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications