'കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സമ്പത്ത് മുസ്ലീങ്ങൾക്ക് നൽകും'; നരേന്ദ്ര മോദി
ജയ്പൂർ: വർഗീയ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന് അധികാരം ലഭിച്ചാൽ രാജ്യത്തിന്റെ സമ്പത്ത് അവർ മുസ്ലീങ്ങൾക്ക് നൽകുമെന്നാണ് മോദിയുടെ പരാമർശം. രാജസ്ഥാനിലെ ബൻസ്വാരയിൽ ബി ജെ പിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
' അധികാരത്തിൽ വന്നാൽ എല്ലാവരുടെയും സ്വത്ത് സർവേ ചെയ്യുമെന്നാണ് അവർ പറഞ്ഞത്. നമ്മുടെ സഹോദരിമാർക്ക് എത്ര സ്വർണമുണ്ടെന്ന് അവർ അന്വേഷിക്കും. നമ്മുടെ ആദിവാസി കുടുംബങ്ങളുടെ കൈയ്യിലുള്ള വെള്ളി എത്രയുണ്ടെന്ന് ഉണ്ടെന്ന് രേഖപ്പെടുത്തും. സർക്കാർ ജീവനക്കാരുടെ സ്വത്തും പണവും എത്രയാണെന്ന് അവർ പരിശോധിക്കും. ഇത് മാത്രമല്ല, നമ്മുടെ സഹോദരിമാരുടെ കൈയ്യിലുള്ള സ്വർണ്ണവും അവരുടെ മറ്റ് സ്വത്തുക്കളും തുല്യമായി പുനർവിതരണം ചെയ്യുമെന്നും അവർ പറഞ്ഞു', മോദി പ്രസംഗത്തിൽ പറഞ്ഞു.അധികാരത്തിലെത്തിയാൽ, രാജ്യത്തിൻ്റെ സമ്പത്ത് ആരുടേതാണെന്ന് കണ്ടെത്താൻ കോൺഗ്രസ് സാമ്പത്തികവും സ്ഥാപനപരവുമായ ഒരു സർവേ നടത്തുമെന്നും സ്വത്തുക്കൾ പുനഃർവിതരണം ചെയ്യുമെന്നും അടുത്തിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പ്രതികരണം.

'കോൺഗ്രസിന്റെ പദ്ധതിയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ സ്വത്ത് പിടിച്ചെടുക്കാൻ സർക്കാരിന് എന്തെങ്കിലും അവകാശമുണ്ടോ? നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതത്തിൽ സ്വർണം വെറും കാഴ്ചവസ്തുവല്ല. അവരുടെ അഭിമാനവുമായ ബന്ധപ്പെട്ട കാര്യമാണത്.മംഗൾസൂത്രത്തിന് സ്വർണത്തിന്റെ മൂല്യം മാത്രമല്ല ഉള്ളത്. അത് അവളുടെ സ്വപ്നങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. അതൊക്കെ എടുത്ത് കളയുന്നതിനെ കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്', മോദി പറഞ്ഞു.
നിങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടി കൂടുതൽ കുട്ടികൾ ഉള്ളവർക്ക് വിതരണം ചെയ്യുമെന്നും മോദി പറഞ്ഞു. മുമ്പ്, തങ്ങളുടെ സർക്കാർ അധികാരത്തിലിരുന്നപ്പോൾ, രാജ്യത്തെ സ്വത്തിൻ്റെ ആദ്യ ഉടമസ്ഥാവകാശം മുസ്ലീങ്ങൾക്കാണെന്നാണ് അവർ പറഞ്ഞത്. എല്ലാവരുടെയും സ്വത്ത് ശേഖരിച്ച ശേഷം, കൂടുതൽ കുട്ടികളുള്ള ആളുകൾക്ക് അവർ അത് വിതരണം ചെയ്യും എന്നാണ് ഇതിനർത്ഥം. അവർ അത് നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ? ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?അമ്മമാരേ, സഹോദരിമാരേ ഈ അർബൻ നക്സൽ ചിന്താഗതികൾ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകൾ പോലും ബാക്കിവയ്ക്കില്ല', മോദി കൂട്ടിച്ചേർത്തു.
അതേസമയം പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമര്‍ശനമാണ് പ്രധാനമന്ത്രിക്കെതിരേ ഉയരുന്നത്. വ്യാജ പ്രചരണം നടത്തി ജനങ്ങളെ കബിളിപ്പിക്കുകയാണ് മോദിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications