ടിക്കറ്റ് ബുക്ക് ചെയ്ത പണം നഷ്ടമാകില്ല; വിമാന കമ്പനികള്‍ തിരിച്ചുനല്‍കും, നിബന്ധനകള്‍ ഇങ്ങനെ
ദില്ലി: കൊറോണ ലോക്ക് ഡൗണ്‍ കാലയളവില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം വിമാന കമ്പനികള്‍ മടക്കി നല്‍കും. കസ്റ്റമര്‍ ആവശ്യപ്പെട്ടാല്‍ മൂന്നാഴ്ച്ചക്കകം പണം മടക്കി നല്‍കണമെന്നാണ് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചത്. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന പണം യാത്രക്കാരില്‍ നിന്ന് വാങ്ങില്ല. ദേശീയ ലോക്ക് ഡൗണ്‍ വേളയുടെ ആദ്യഘത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പണം തിരികെ കിട്ടുക. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനികള്‍ക്കെല്ലാം ഡിജിസിഎയുടെ നിര്‍ദേശം ബാധകമാണ്.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയായിരുന്നു ലോക്ക് ഡൗണിന്റെ ആദ്യഘട്ടം. ഇപ്പോള്‍ വീണ്ടും നീട്ടി മെയ് മൂന്ന് വരെയാക്കിയിരിക്കുകയാണ്. നേരത്തെ ഒട്ടേറെ സ്വകാര്യ വിമാന കമ്പനികള്‍ ടിക്കറ്റിന്റെ പണം മടക്കി നല്‍കാന്‍ വിസമ്മതിച്ചതായി പരാതി ഉയര്‍ന്നിരുന്നു. മറ്റൊരു വേളയില്‍ യാത്ര അനുവദിക്കാമെന്നാണ് കമ്പനികള്‍ നല്‍കിയിരുന്ന മറുപടി. മാര്‍ച്ച് 22 മുതലാണ് ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ആഭ്യന്തര സര്‍വീസുകള്‍ മാര്‍ച്ച് 25 മുതലും.
ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ പരിധി അവസാനിക്കുമെന്ന് കരുതി സ്വകാര്യ വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് സ്വീകരിച്ചിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് എടുത്തിരുന്നില്ല. ലോക്ക് ഡൗണ്‍ നീട്ടിയതോടെയാണ് യാത്രക്കാര്‍ പണം തിരിച്ച് ആവശ്യപ്പെടാന്‍ തുടങ്ങിയത്. പല കമ്പനികളും പണം തിരിച്ചുനല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. മറ്റൊരു വേളയില്‍ യാത്ര ചെയ്യാമെന്നും ആ സമയം നിരക്ക് വ്യത്യാസമുണ്ടെങ്കില്‍ കൂടുതല്‍ ഈടാക്കുമെന്നും സ്വകാര്യ കമ്പനികള്‍ അറിയിച്ചിരുന്നു.
ഇന്ത്യയില്‍ എല്ലാ തരം വിമാന സര്‍വീസുകളും മെയ് മൂന്നിന് ശേഷമേ ആരംഭിക്കൂ. അതേസമയം, വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് പ്രത്യേക വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി. യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നാണ് ആദ്യഘട്ട സര്‍വീസ് നടത്തുക എന്നണ് വിവരം.












Click it and Unblock the Notifications