കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ദില്ലി മോഡല്‍ കലാപമുണ്ടാക്കും; ഹിന്ദുത്വ നേതാവിന്റെ ഭീഷണി
ദില്ലി: കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന് ഹിന്ദുത്വ നേതാവിന്റെ ഭീഷണി. ഈ മാസം 16നകം സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ ദില്ലിയിലെ ജാഫ്രാബാദില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ പോലുള്ള കലാപം സൃഷ്ടിക്കുമെന്ന് രാഗിണി തിവാരി ഭീഷണിപ്പെടുത്തി. ഇവരുടെ വീഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാഗിണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ശക്തമാണ്. പോലീസ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമായതോടെ പോലീസ് ഇടപെട്ടു. ജാഫ്രാബാദ് എസ്എച്ച്ഒയ്ക്ക് അന്വേഷിച്ച് നടപടിയെടുക്കാന്‍ ഡിസിപി നിര്‍ദേശം നല്‍കി. രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന് കര്‍ഷക സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെയുള്ളവരെ വിട്ടയക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇവരെല്ലാം രാജ്യദ്രോഹികളാമെന്നാണ് രാഗിണി തിവാരി പറയുന്നത്. കൊറോണ വ്യാപനമുണ്ടാകുമെന്ന് പറഞ്ഞ് ഛട്ട് പൂജ നിര്‍ത്തിവയ്പ്പിച്ചു. എന്നാല്‍ കര്‍ഷക സമരം ഇപ്പോഴും തുടരുകയാണ്. 16നകം സമരം നിര്‍ത്തിയില്ലെങ്കില്‍ കലാപമുണ്ടാകുമെന്നും രാഗിണി ഭീഷണിപ്പെടുത്തുന്നു.
ഈ വര്‍ഷം ആദ്യത്തില്‍ ദില്ലിയിലെ ഷാഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ സമരം ഫെബ്രുവരിയിലും തുടര്‍ന്നു. ഫെബ്രുവരി 23ന് രാഗിണി തിവാരി വര്‍ഗീയ പ്രസംഗം നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം നടന്ന കല്ലേറുമായി ബന്ധപ്പെട്ട് ഇവരുടെ വീഡിയോ പുറത്തുവന്നു. ഇത് സംബന്ധിച്ച് ദില്ലി ആഭ്യന്തര വകുപ്പ് അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നു.
ഫെബ്രുവരി 23ന് രാഗിണി തിവാരി ഫേസ്ബുക്ക് ലൈവില്‍ വന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് ദില്ലിയില്‍ കലാപമുണ്ടായത്. ഹിന്ദുയിസത്തിനെതിരായ ആക്രമണം ഒരിക്കലും പൊറുക്കില്ല. ഹിന്ദുക്കള്‍ എല്ലാവരും പുറത്തിറങ്ങി വരണം. മരിക്കുകയോ കൊല്ലുകയോ വേണം. പിന്നീട് വിശ്രമിക്കാം. നിങ്ങളുടെ രക്തം ഇപ്പോഴും തിളയ്ക്കുന്നില്ലെങ്കില്‍ അത് രക്തമല്ല, വെള്ളമാണ് എന്നും രാഗിണി തിവാരി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications