ബൂസ്റ്റർ ഡോസ് എടുത്തില്ലേങ്കിൽ കൊവിഡ് വാക്സിന്റെ കാര്യക്ഷമത 6 മാസത്തിന് ശേഷം കുറയും; പഠനം
ദില്ലി; ബൂസ്റ്റർ ഷോട്ടുകൾ എടുത്തില്ലെങ്കിൽ ആറ് മാസത്തിന് ശേഷം കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തി ഗണ്യമായി കുറഞ്ഞേക്കുമെന്ന് പഠനം. കുത്തിവെപ്പ് എടുത്താൽ ആദ്യ 50 നും 100 ദിവസത്തിനുള്ളിൽ ആശുപത്രി വാസം തടയാൻ വാക്സിനുകളുടെ കാര്യക്ഷമത 94 ശതമാനമാണ്. എന്നാൽ 200-250 ദിവസം കഴിഞ്ഞാൽ ഇത് 80.04 ശതമാനമായി കുറയുമെന്നും ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

80 വയസിനും മുകളിലും ഉള്ളവരിലാണ് ഇത്തരത്തിൽ വാക്സിനുകളുടെ കാര്യക്ഷമത കുറയുന്നതായി കണ്ടത്തെത്തിയത്. മാത്രമല്ല അർബുദം, വക്കാരോഗം, ഉയർന്ന രക്ത സമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവരിലും വാക്സിൻ ഫല പ്രാപ്തി കുറഞ്ഞ് വന്നേക്കും. ഏത് വാക്സിനാണ് സ്വീകരിച്ചത് എന്നതും നീണ്ട് നിൽക്കുന്ന സംരക്ഷണത്തിൽ ഏറെ നിർണായകമാണ്.
മൊഡേണ വാക്സിനാണ് നീണ്ട കാലത്തേക്ക് സംരക്ഷണം നൽകുന്നതെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഫൈസർ വാക്സിൻ തുടക്കത്തിൽ മൊഡേണയ്ക്ക് സമാനമായ സംരക്ഷണം നൽകിയിരുന്നുവെങ്കിലും ഇതിൻറെ സംരക്ഷണം പിന്നീട് വേഗത്തിൽ കുറഞ്ഞതായി കണ്ടെത്തിയെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മോഡേണയെ അപേക്ഷിച്ച് ജാൻസെൻ വാക്‌സിൻ സ്വീകരിക്കുന്ന ആളുകൾക്ക് ഗുരുതരമായ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 ഏപ്രിലിനും നവംബറിനുമിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഏകദേശം 50,000 പേരുടെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.
അതേസമയം ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 21 ലക്ഷത്തിലധികം (21,83,976) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 178 കോടി (1,78,02,63,222) പിന്നിട്ടതായി സർക്കാർ അറിയിച്ചു. 2,05,41,983 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 178.48 കോടിയോടടുത്ത് (1,78,48,14,200) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 15.19 കോടിയിലധികം (15,19,06,236) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ പത്രകുറിപ്പിലൂടെ വ്യക്തമാക്കി. വാക്സിൻ പാഴായി പോകാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,561 പേര്‍ക്കാണ്. നിലവില്‍ 77,152 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.18 ശതമാനമാണ്.
142 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം 5,14,388 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,947 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,23,53,620 ആയി.
ദേശീയ രോഗമുക്തി നിരക്ക് 98.62% ആണ്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേസുകൾ കുത്തനെ കുറയുകയാണ്. കേരളത്തിൽ ഇന്നലെ 2373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന കർണാടകത്തിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കേസുകൾ കുറയുകയാണ്.
Recommended Video
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,82,953 പരിശോധനകള്‍ നടത്തി. ആകെ 77 കോടിയിലേറെ (77,00,50,005) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.99 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.74 ശതമാനമാണ്.












Click it and Unblock the Notifications