വിജയ് പാതിവഴിയില്‍ വീണാല്‍ പ്ലാന്‍ ബി; രഹസ്യനീക്കം വെളിപ്പെടുത്തി ദിനകരന്‍, മറ്റൊരു മുഖ്യമന്ത്രി
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാളയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ വെളിപ്പെടുത്തി ടിടിവി ദിനകരന്‍. വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വന്നാല്‍ മറ്റൊരു സര്‍ക്കാരുണ്ടാക്കാന്‍ ചര്‍ച്ച നടന്നു എന്നാണ് എഎംഎംകെ നേതാവ് വെളിപ്പെടുത്തിയത്. വിസികെ അധ്യക്ഷന്‍ തോല്‍ തിരുമാവളവനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ചര്‍ച്ച.
234 അംഗ നിയമസഭയില്‍ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ വിജയുടെ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 118 അംഗങ്ങളുടെ പിന്തുണയാണ്. അഞ്ച് എംഎല്‍എമാരുള്ള കോണ്‍ഗ്രസ് അധികം വൈകാതെ ഡിഎംകെ സഖ്യം വിട്ട് ടിവികെക്ക് ഒപ്പം ചേര്‍ന്നു എങ്കിലും മതിയായ എണ്ണം ലഭിക്കാത്തതില്‍ ആശങ്ക നിറഞ്ഞ വേളയിലായിരുന്നു പ്രതിപക്ഷത്തിന്റെ രഹസ്യ ആലോചന.

108 സീറ്റില്‍ ടിവികെ ജയിച്ചെങ്കിലും രണ്ടിടത്ത് വിജയ് മല്‍സരിച്ച് ജയിച്ചിരുന്നു. ഫലത്തില്‍ ടിവികെയുടെ അംഗബലം 107 ആയി. ഈ സാഹചര്യത്തില്‍ 11 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. കോണ്‍ഗ്രസ് പിന്തുണച്ചതോടെ ടിവികെയുടെ പിന്തുണ 112ലേക്ക് ഉയര്‍ന്നു. വളരെ വൈകി രണ്ട് അംഗങ്ങളുള്ള വിസികെ പിന്തുണച്ചു. തൊട്ടുപിന്നാലെ രണ്ട് അംഗങ്ങള്‍ വീതമുള്ള സിപിഎം, സിപിഐ എന്നിവ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ തയ്യാറായി. രണ്ട് അംഗങ്ങളുള്ള മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ആശങ്കകള്‍ നീങ്ങിയത്.
ഗവര്‍ണര്‍ കട്ടായം പറഞ്ഞു, വിജയ് നാല് തവണ മടങ്ങി
ഇതിനിടെ വിജയ് നാല് തവണ നേരിട്ട് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. എന്നാല്‍ മതിയായ അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ച ശേഷം വരൂ എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. വിജയ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരജായപ്പെട്ടാല്‍ എന്തു ചെയ്യണം എന്ന് പ്രതിപക്ഷമായ ഡിഎംകെയും എഐഎഡിഎംകെ സഖ്യവും പ്രത്യേകമായി ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും ഡിഎംകെ പ്രഖ്യാപിച്ചു. ഇതോടെയാണ് പന്ത് എഐഎഡിഎംകെയുടെ ക്വാര്‍ട്ടിലെത്തിയത്.
ഇടതുപാര്‍ട്ടികള്‍ വിജയിയെ പിന്തുണയ്ക്കില്ല എങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം നടത്താന്‍ എടപ്പാടി പളനിസ്വാമിയും താനും ചര്‍ച്ച ചെയ്തുവെന്ന് ദിനകരന്‍ വെളിപ്പെടുത്തി. ബിജെപി ബന്ധം ആരോപിച്ച് എടപ്പാടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിസികെയും ഇടതുപാര്‍ട്ടികളും പിന്തുണയ്ക്കില്ല എന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍ വിസികെ അധ്യക്ഷന്‍ തോല്‍ തിരുമാവളവനെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ആലോചിച്ചത് എന്നും ദിനകരന്‍ പറയുന്നു.
ഇക്കാര്യം വിജയിയെയും അറിയിച്ചു. ടിവികെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പരാജയപ്പെട്ടാല്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരണ സാധ്യത അരിയിച്ചു. വിജയ് സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയുക എന്നത് തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും എംഎല്‍എമാരെ റാഞ്ചുന്നത് തടയുകയായിരുന്നു ലക്ഷ്യമെന്നും ദിനകരന്‍ വിശദീകരിച്ചു. അവസാന നിമിഷമാണ് മതിയായ പിന്തുണ വിജയ്ക്ക് ലഭിച്ചതും മെയ് 10ന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും.


Click it and Unblock the Notifications
