സ്റ്റാലിനെ വീണ്ടും നിയമസഭയിലെത്തിക്കാന്‍ നീക്കം; ചര്‍ച്ച ഇങ്ങനെ, വിജയ്ക്ക് പൂട്ടിടാന്‍ ഡിഎംകെ തന്ത്രം
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തമിഴക രാഷ്ട്രീയ രംഗത്ത് അപ്രതീക്ഷിത വഴിത്തിരിവുകൾക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക ശക്തികളായിരുന്ന ഡിഎംകെ-എഐഎഡിഎംകെ പാർട്ടികളെ പിന്തള്ളി തമിഴക വെട്രി കഴകം (ടിവികെ) പുതിയ ശക്തിയായി ഉയർന്നുവന്നു. 108 സീറ്റുകൾ നേടി ടിവികെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. ഡിഎംകെ സഖ്യം 70-ലധികം സീറ്റുകളും എഐഎഡിഎംകെ സഖ്യം 50-ലധികം സീറ്റുകളുമാണ് നേടിയത്.
സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടത് വലിയ ഞെട്ടലായി. അതേസമയം, അദ്ദേഹത്തിൻ്റെ മകൻ ഉദയനിധി സ്റ്റാലിൻ വിജയിച്ചു. കഴിഞ്ഞയാഴ്ച വരെ ഭരണകക്ഷിയായിരുന്ന ഡിഎംകെ ഇപ്പോൾ പ്രതിപക്ഷത്താണ്.

പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച വിജയ് രണ്ടിടത്തും ജയിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത ശേഷം വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് എംഎൽഎ സ്ഥാനം രാജിവെച്ചേക്കുമെന്ന സൂചനയുണ്ട്. ഇത് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കും. അടുത്ത ജനുവരിക്കകം തിരഞ്ഞെടുപ്പ് നടക്കും. എംഎൽഎ രാജി വച്ചതിന് ശേഷം 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം.
ഇതോടെ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം തമിഴ് രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഈ ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ നേരിട്ട് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾക്കിടയിലെ സംസാരം. കൊളത്തൂരിലുണ്ടായ പരാജയത്തിന് ശേഷം അദ്ദേഹത്തിന് അനുകൂലമായി നിലനിൽക്കുന്ന സഹതാപ തരംഗം വിജയമാക്കി മാറ്റാനാണ് ഡിഎംകെയുടെ നീക്കം. ഇത് സ്റ്റാലിനെ നിയമസഭയിലേക്ക് തിരികെയെത്തിക്കാനുള്ള തന്ത്രമായി പാർട്ടി കണക്കാക്കുന്നു.
മറുവശത്ത്, ടിവികെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ യു സഗയത്തെ സ്ഥാനാർത്ഥിയാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ധാതു വിഭവ കൊള്ളയുൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള സഗയം ജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയുള്ള വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ ഈ ജനസമ്മതി വോട്ടാക്കി മാറ്റാനാണ് ടിവികെയുടെ ലക്ഷ്യം. വിജയുമായി അടുത്ത സൗഹൃദമുള്ള നടി തൃഷ ഇവിടെ മല്‍സരിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യം ടിവികെ നേതൃത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കൂടാതെ, മുൻ മന്ത്രി കെപി കൃഷ്ണനെപ്പോലുള്ള പരിചയസമ്പന്നനായ ഒരു സ്ഥാനാർത്ഥിയെയും ടിവികെ പരിഗണിക്കുന്നുണ്ട്. ക്രിസ്ത്യൻ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമായതിനാൽ, ആ ഘടകവും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരിഗണിച്ചേക്കും. ഈ ഉപതെരഞ്ഞെടുപ്പ് ഒരു സാധാരണ മണ്ഡല പോരാട്ടത്തിനപ്പുറം തമിഴ്നാടിൻ്റെ ഭാവി രാഷ്ട്രീയം നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വിജയ്, എം.കെ. സ്റ്റാലിൻ, മറ്റ് പാർട്ടികൾ എന്നിവരുടെ തീരുമാനങ്ങൾ അടുത്ത രാഷ്ട്രീയ നീക്കങ്ങൾക്ക് ദിശ നൽകും.















Click it and Unblock the Notifications