വിരാട് കോലി സെഞ്ച്വറി അടിച്ചാൽ നിങ്ങൾക്ക് 10 കോടിയുടെ സ്വർണം സമ്മാനം, അമ്പരപ്പിക്കുന്ന പ്രഖ്യാപനം വൈറൽ
ഗുരുഗ്രാം: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി സെഞ്ച്വറി അടിക്കുമോ? അടിച്ചാലെന്ത് ഇല്ലെങ്കിലെന്ത് എന്ന് പറയാൻ വരട്ടെ. ഈ പരമ്പരയിലെ ഒരു മത്സരത്തിലെങ്കിലും കോലി സെഞ്ച്വറി സ്വന്തമാക്കിയാൽ 10 കോടി രൂപയുടെ സ്വർണം നിങ്ങൾക്ക് സമ്മാനമായി ലഭിക്കും എന്ന് പറഞ്ഞാലോ.
ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഫിൻടെക് സംരംഭകൻ റയാൻ മൽഹോത്രയാണ് കായിക ലോകത്തേയും ആരാധകരേയും അമ്പരപ്പിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തന്റെ നിയോസാപ് (NeoZAP) ആപ്പ് വഴി 10 കോടി രൂപയുടെ സ്വർണം സമ്മാനം നൽകുമെന്നാണ് റയാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ മൂന്ന് ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി ഒരു സെഞ്ച്വറി നേടുകയാണെങ്കിൽ ആപ്പ് ഉപയോക്താക്കൾക്ക് ഈ സമ്മാനം ലഭിക്കും.
84 രാജ്യാന്തര സെഞ്ച്വറികളുള്ള കോഹ്‌ലിക്ക്, സച്ചിൻ ടെണ്ടുൽക്കറുടെ 100 എന്ന റെക്കോർഡിനൊപ്പം എത്താൻ 16 എണ്ണം കൂടി വേണം. കോഹ്‌ലിയുടെ കരിയറിൽ മത്സരങ്ങൾ കുറവായതിനാൽ ഓരോ ഇന്നിംഗ്‌സും നിർണായകമാണെന്ന് രയാൻ ഇൻസ്റ്റാഗ്രാം വീഡിയോയിൽ ചൂണ്ടിക്കാട്ടി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

"ഈ പരമ്പരയിൽ വിരാട് ഒരു സെഞ്ച്വറി നേടിയാൽ, നിയോസാപ് ഉപയോക്താക്കൾക്ക് ഞാൻ 10 കോടി രൂപയുടെ സ്വർണം സമ്മാനമായി നൽകും," സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ മൽഹോത്ര പറയുന്നു. ഈ പ്രഖ്യാപനം ആയിരക്കണക്കിന് വ്യൂസ് ആണ് നേടിയിരിക്കുന്നത്. മാത്രമല്ല ഓൺലൈനിൽ ഇത് സംബന്ധിച്ച് ചർച്ചകളും സജീവമാണ്.
50 രൂപ മുതൽ ചിലവിട്ട് ഡിജിറ്റലായി സ്വർണം വാങ്ങാനും വിൽക്കാനും സഹായിക്കുന്നതാണ് നിയോസാപ്. ബ്ലൂസ്റ്റോൺ പോലെയുള്ള ബ്രാൻഡുകൾക്ക് സ്വർണം പാട്ടത്തിന് നൽകി വാർഷിക വില വർധനയ്ക്ക് പുറമെ 5% അധിക വരുമാനം നേടാം. എച്ച്ഡിഎഫ്സി ബാങ്കുമായി ചേർന്ന് വെർച്വൽ 'ഗോൾഡ് അക്കൗണ്ടും' ഇത് ഒരുക്കുന്നു.
സ്വർണ ബാലൻസ് പണമായോ സേഫ് ഗോൾഡ് വഴി ടാനിഷ്ക് സ്റ്റോറുകളിൽ നിന്ന് ആഭരണങ്ങളായോ പിൻവലിക്കാം. നിയോ ഗ്രൂപ്പിൻ്റെ ഫിൻടെക് സംരംഭമായ നിയോഫിനിറ്റിയുടെ ഉൽപ്പന്നമാണ് നിയോസാപ്. മൽഹോത്ര ഇതിന് മുമ്പും ഇത്തരത്തിൽ സ്വർണം സമ്മാനമായി വിതരണം ചെയ്തിട്ടുണ്ട്; കഴിഞ്ഞ വർഷം ജന്മദിനത്തിൽ 200,000-ത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന് സൗജന്യ സ്വർണം നൽകിയിരുന്നു.
എന്തായാലും ഇന്ത്യ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുമ്പോൾ, കോഹ്‌ലിയുടെ ബാറ്റിലായിരിക്കും എല്ലാവരുടെയും ശ്രദ്ധ. ഒരു സെഞ്ച്വറി കായിക രംഗത്ത് സമീപകാലത്തെ ഏറ്റവും വലിയ സ്വർണ സമ്മാന വിതരണത്തിന് വഴിയൊരുക്കുന്ന നിമിഷമായേക്കാം.












Click it and Unblock the Notifications