വാഹന ഉടമകളേ ജാഗ്രത! ടോൾ കുടിശ്ശികയുണ്ടെങ്കിൽ നല്ല പണി കിട്ടും
നമ്മുടെ കയ്യിലൊരു വാഹനമുണ്ടെങ്കിൽ ഇൻഷുറൻസും ടാക്സുമൊക്കെ കൃത്യമായി അടച്ചുപോകാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇനി മുതൽ വാഹനങ്ങളുടെ ടോൾ കാര്യത്തിലും ആ ജാഗ്രത വേണം. ദേശീയപാതയിലൂടെ യാത്ര ചെയ്യുമ്പോൾ അറിയാതെയെങ്കിലും ടോൾ നൽകാതെ പോയാൽ പണി കിട്ടുന്നത് ടോൾ പ്ലാസയിലല്ല, മറിച്ച് നിങ്ങളുടെ വാഹനത്തിന്റെ രേഖകൾ പുതുക്കാൻ ചെല്ലുമ്പോഴായിരിക്കും! ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഇനി എൻ.ഒ.സി (NOC), ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ പ്രധാന സേവനങ്ങൾ നൽകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.
എന്താണ് പുതിയ മാറ്റം?
2026-ലെ കേന്ദ്ര മോട്ടോർ വാഹന (രണ്ടാം ഭേദഗതി) ചട്ടങ്ങൾ പ്രകാരം 1989-ലെ മോട്ടോർ വാഹന നിയമത്തിലാണ് സർക്കാർ വലിയ മാറ്റം വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച്, ഇലക്ട്രോണിക് ടോൾ കളക്ഷൻ (ETC) സംവിധാനം വഴി ഒരു വാഹനത്തിന്റെ ടോൾ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ അത് 'കുടിശ്ശിക'യായി രേഖപ്പെടുത്തും. ഈ തുക നൽകാതെ വാഹനവുമായി ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പിന്റെ (MVD) പ്രധാന സേവനങ്ങളൊന്നും ലഭിക്കില്ല.

തടസ്സപ്പെടുന്ന പ്രധാന സേവനങ്ങൾ:
എൻ.ഒ.സി (NOC): വാഹനം വിൽക്കാനോ അല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനോ ആവശ്യമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇനി ടോൾ കുടിശ്ശികയുണ്ടെങ്കിൽ കിട്ടില്ല.
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്: പ്രധാനമായും വാണിജ്യ വാഹനങ്ങൾക്ക് ആവശ്യമായ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് മുമ്പ് ടോൾ കുടിശ്ശിക തീർക്കേണ്ടി വരും.
നാഷണൽ പെർമിറ്റ്: ലോറികൾക്കും മറ്റ് ചരക്ക് വാഹനങ്ങൾക്കും നാഷണൽ പെർമിറ്റ് ലഭിക്കണമെങ്കിൽ ടോൾ തുക കൃത്യമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഫോം 28-ലെ മാറ്റങ്ങൾ
വാഹന കൈമാറ്റത്തിന് അപേക്ഷിക്കുമ്പോൾ നൽകേണ്ട ഫോം 28 സർക്കാർ പരിഷ്‌കരിച്ചു. വാഹന ഉടമകൾ തങ്ങൾക്ക് എന്തെങ്കിലും ടോൾ കുടിശ്ശികയുണ്ടോ എന്ന് ഇതിൽ വ്യക്തമാക്കേണ്ടതുണ്ട്. കൂടാതെ, മോട്ടോർ വാഹന വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴി ടോൾ വിവരങ്ങൾ പരിശോധിക്കാനും ഇപ്പോൾ സാധിക്കും.
എന്തുകൊണ്ടാണ് ഈ തീരുമാനം?
ദേശീയപാതകളിൽ ടോൾ പ്ലാസകൾ ഒഴിവാക്കി, വാഹനം നിർത്താതെ തന്നെ ടോൾ ഈടാക്കുന്ന 'മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ' (MLFF) എന്ന പുതിയ സംവിധാനത്തിലേക്ക് ഇന്ത്യ മാറുകയാണ്. ഈ സാഹചര്യത്തിൽ ടോൾ നൽകാതെ മുങ്ങുന്നവരെ പിടികൂടാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് അവശ്യ സേവനങ്ങളുമായി ടോളിനെ ബന്ധിപ്പിക്കുന്നത്.
ചുരുക്കത്തിൽ, ഫാസ്റ്റ് ടാഗിൽ ബാലൻസ് ഇല്ലെങ്കിലും അല്ലെങ്കിൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ കാരണം ടോൾ കട്ടായില്ലെങ്കിലും അത് അപ്പോൾ തന്നെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അല്ലാത്തപക്ഷം വാഹനം വിൽക്കാനോ പേര് മാറ്റാനോ നേരം വലിയ തുക പിഴയടക്കം നൽകേണ്ടി വന്നേക്കാം.












Click it and Unblock the Notifications