യുപിഐ വഴി പതിനായിരം രൂപയ്ക്ക് മുകളിൽ അയച്ചാൽ ഇനി കിട്ടാൻ താമസിക്കും, പുതിയ നീക്കത്തിന് ആർബിഐ
പതിനായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾക്ക് ഇനി ഒരു മണിക്കൂർ വരെ കാലതാമസം വന്നേക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ചർച്ചാ രേഖയിലാണ് ഈ സുപ്രധാന നിർദ്ദേശം. വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾ തടയുക എന്നതാണ് ആർബിഐ ഇതിലൂടെ ലക്ഷ്യമിടുന്നത്.
പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്കുളള കൈമാറ്റങ്ങൾക്കാണ് ഈ പുതിയ നിർദ്ദേശം ബാധകമാവുക. പണമിടപാടുകൾക്ക് സമയപരിധി ഏർപ്പെടുത്തുന്നതിലൂടെ തട്ടിപ്പുകൾ കണ്ടെത്താനും തടയാനും സാധിക്കുമെന്നാണ് ആർബിഐ ഈ ചർച്ചാ രേഖയിലൂടെ വ്യക്തമാക്കുന്നത്.
ഇന്ത്യൻ പേയ്‌മെന്റ് സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ച യുപിഐ നിമിഷങ്ങൾക്കകം പണമിടപാടുകൾ പൂർത്തിയാക്കി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ സംവിധാനമാണ്. പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് മുതൽ ബില്ലുകൾ അടക്കാനും മറ്റ് ആവശ്യങ്ങൾക്കും യൂപിഐ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് ചില ഇടപാടുകൾക്കെങ്കിലും വൈകാതെ മാറിയേക്കാമെന്ന് ആർ.ബി.ഐയുടെ നിർദ്ദേശം സൂചിപ്പിക്കുന്നു.

പുതിയ നിർദ്ദേശമനുസരിച്ച്, ഒരു വ്യക്തി പതിനായിരം രൂപയിൽ കൂടുതൽ മറ്റൊരു വ്യക്തിക്ക് യൂപിഐ വഴി അയച്ചാൽ തുക അയച്ചയാളുടെ അക്കൗണ്ടിൽ നിന്ന് ഉടൻ കുറയും. എന്നാൽ, സ്വീകർത്താവിന് ഈ പണം ഒരു മണിക്കൂറിന് ശേഷമേ ലഭിക്കൂ. "ഗോൾഡൻ അവർ" എന്ന് ആർബിഐ വിശേഷിപ്പിക്കുന്ന ഈ ഒരു മണിക്കൂർ സമയപരിധിക്കുള്ളിൽ അയച്ചയാൾക്ക് വേണമെങ്കിൽ ഇടപാട് റദ്ദാക്കാൻ അവസരം ലഭിക്കും.
ഇടപാടുകളിൽ എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ അത് റദ്ദാക്കാനുള്ള ഒരു സുപ്രധാനമായ അവസരമാണ് ഈ കാലതാമസം ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ നിയമം വ്യക്തി-വ്യക്തി കൈമാറ്റങ്ങൾക്ക് മാത്രമാണ് ബാധകം. കടകളിലോ വിൽപ്പന കേന്ദ്രങ്ങളിലോ ക്യൂആർ കോഡുകൾ വഴി നടത്തുന്ന പേയ്മെന്റുകളെയും ഇത് ബാധിക്കില്ല.
സ്വയമേവ പണമെടുക്കുന്ന (ഓട്ടോ-ഡെബിറ്റ്) സംവിധാനങ്ങൾക്കും സബ്സ്ക്രിപ്ഷൻ അധിഷ്ഠിത പേയ്മെന്റുകൾക്കും നിലവിലെ പോലെ മാറ്റങ്ങളൊന്നും കൂടാതെ തുടരും. ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് രംഗത്ത് വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾ റിസർവ് ബാങ്കിന്റെ ഒരു പ്രധാന ആശങ്കയായിരുന്നു. മിക്ക തട്ടിപ്പുകളിലും, പണം മിനിറ്റുകൾക്കുള്ളിൽ നിരവധി അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും അതിവേഗം പണമായി പിൻവലിക്കപ്പെടുകയും ചെയ്യുന്നു.
ഇത്തരം സാഹചര്യങ്ങളിൽ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നത് മിക്കപ്പോഴും അസാധ്യമായി മാറാറുണ്ട്. ഈ പ്രശ്നം ലഘൂകരിക്കുന്നതിന് ഒരു മണിക്കൂർ കാലതാമസം ഏർപ്പെടുത്തുന്നതിലൂടെ തട്ടിപ്പുകൾ തടയാനും സംശയാസ്പദമായ ഇടപാടുകൾ തിരിച്ചറിയാനുമുള്ള ഒരു ബഫർ പിരീഡ് സൃഷ്ടിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. ഇതുവഴി, പണം തെറ്റായ കൈകളിലേക്ക് എത്തുന്നത് ഫലപ്രദമായി തടയാൻ സാധിക്കുമെന്ന് ആർബിഐ കരുതുന്നു. ഈ നിർദ്ദേശം ഇപ്പോൾ ചർച്ചാ ഘട്ടത്തിലാണ്, അന്തിമ തീരുമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications