'ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ ചെയ്യേണ്ടത്..'; പ്രതിപക്ഷത്തിന് ഉപദേശവുമായി പ്രശാന്ത് കിഷോർ

ദില്ലി : 2024 ൽ ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യം പ്രാവർത്തികമാകില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പ്രതിപക്ഷ ഐക്യം എന്നത് പാർട്ടികളെയോ നേതാക്കളെയോ ഒരുമിച്ച് കൊണ്ടുവന്നത് കൊണ്ട് മാത്രം സാധ്യമാകുന്ന കാര്യമല്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
'ബി ജെ പിയെ പരാജയപ്പെടുത്തണമെങ്കിൽ ആദ്യം നിങ്ങൾ തിരിച്ചറിയേണ്ടത് അവരുടെ ശക്തിയാണ്. ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം എന്നീ മൂന്ന് തൂണുകളാണ് അവരുടെ കരുത്ത്. ഇവയിൽ ഏതെങ്കിലും രണ്ടെണ്ണമെങ്കിലും തകർക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ ഒരിക്കലും പ്രതിപക്ഷത്തിന് ബി ജെ പിയെ വെല്ലുവിളിക്കാൻ സാധിക്കില്ല', പ്രശാന്ത് കിഷോർ പറഞ്ഞു.
'ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയശാസ്ത്രങ്ങളുടെ ഒരു കൂട്ടുകെട്ട് ഉണ്ടാകണം. ഗാന്ധിവാദികൾ, അംബേദ്കറൈറ്റ്സ്, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ എന്നിങ്ങനെ പ്രത്യയശാസ്ത്രം എന്നത് വളരെ പ്രധാനമാണ്. അതേസമയം തന്നെ പ്രത്യയശാസ്ത്രങ്ങളെ അന്തമായി വിശ്വസിക്കരുത്. പ്രത്യയശാസ്ത്രപരമായി ഒരു യോജിപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ഒരിക്കലും ബി ജെ പിയെ പരാജയപ്പെടുത്തുക എളുപ്പമാകില്ല', പ്രശാന്ത് കിഷോർ വ്യക്തമാക്കി.
നേരത്തേ പ്രശാന്ത് കിഷോർ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രമൊരുക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് നിരവധി ചർച്ചകൾ നേതൃത്വുമായി നടത്തിയിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്തുകൊണ്ടാണ് കോൺഗ്രസുമായി കൈകോർക്കാതിരുന്നതെന്ന ചോദ്യത്തിന് പ്രശാന്തിന്റെ മറുപടി ഇങ്ങനെ-കോൺഗ്രസിന്റെ പുനഃരുജ്ജീവനമായിരുന്നു എന്റെ ലക്ഷ്യം. എന്നാൽ തിരഞ്ഞെടുപ്പിൽ വിജയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്റെ ആശയങ്ങൾ നടപ്പാക്കാൻ അവർ ആലോചിക്കുന്ന രീതി സംബന്ധിച്ച് സമന്വയത്തിൽ എത്താൻ ഞങ്ങൾ സാധിച്ചിരുന്നില്ല', പ്രശാന്ത് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയേയും അദ്ദേഹം ചോദ്യം ചെയ്തു. ആറ് മാസത്തെ ഭാരത് ജോഡോ യാത്രയിൽ ഏറെ പ്രശംസകളും വിമർശനങ്ങളും ഉയർന്നിരുന്നു. ആറ് മാസത്തെ നടത്തത്തിന് ശേഷം, നിങ്ങൾ എന്തെങ്കിലും വ്യത്യാസം കാണണം? അല്ലേ, നാല് ജില്ലകളിൽ മാത്രമേ എനിക്ക് സഞ്ചരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം യാത്ര ദൗത്യമല്ല, പ്രദേശത്തെ മനസ്സിലാക്കുക എന്നതാണ്.ഭാരത് ജോഡോ യാത്ര കൊണ്ട് ചെറിയ നേട്ടമുണ്ടായിട്ടുണ്ട്. അത് വോട്ടാക്കി മാറ്റാന്‍ പ്രത്യയശാസ്ത്രം കൂടി വേണം', പ്രശാന്ത് കിഷോർ പറഞ്ഞു.












Click it and Unblock the Notifications