അവസാന വര്‍ഷത്തെ ഉള്‍പ്പെടെ 60 കുട്ടികളെ അയോഗ്യരാക്കി; ഞെട്ടിക്കുന്ന തീരുമാനവുമായി ഐഐടി
കാണ്‍പൂര്‍: പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന അറുപത് കുട്ടികളെ അയോഗ്യരാക്കി ഐഐടി കാണ്‍പൂര്‍. വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും പ്രകടനം മോശമായതിനാലാണ് അയോഗ്യരാക്കിയതെന്ന് ഡീന്‍ നീരജ് മിശ്ര പറഞ്ഞു. ഇത് നിയപരവും സാധാരണ രീതിയിലുള്ള നടപടിയുമാണെന്നും ഡീന്‍ വ്യക്തമാക്കി.
പ്രകടനം നന്നാക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, മുന്നറിയിപ്പ് അവഗണിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാനാവില്ലെന്നും ഡീന്‍ പറഞ്ഞു. 46 ഡിഗ്രി വിദ്യാര്‍ഥികള്‍, 8 പിജി വിദ്യാര്‍ഥികള്‍, 6 ഗവേഷക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. ഇവരില്‍ ചിലര്‍ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ്.

കടുത്ത പ്രവേശന പരീക്ഷയിലൂടെ ലഭിക്കുന്ന ഐഐടി യോഗ്യത മോശം പ്രകടനത്തിലൂടെ വിദ്യാര്‍ഥികള്‍ ഇല്ലാതാക്കുകയായിരുന്നു. വിദ്യാര്‍ഥികളെ അയോഗ്യരാക്കിയ വിവരം അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. നിരാശമൂലം കുട്ടികള്‍ മാനസിക സംഘര്‍ഷത്തിലാകുന്നത് ഇല്ലാതാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അവസാന അവസരമെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്ക് ദയാഹര്‍ജി നല്‍കാം. എന്നാല്‍, ഇതുകൊണ്ട് കാര്യമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications