ഐ.ഐ.ടി. വിദ്യാര്‍ഥിയുടെ മരണം ; കൊലപാതകമെന്ന് പിതാവ്
നോയിഡ : ദില്ലിയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ എട്ടാംനിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കാണപ്പെട്ട ഐ.ഐ.ടി. വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയുളളതായി പിതാവിന്റെ ആരോപണം. തന്റെ സഹോദരീപുത്രന് മരണത്തില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് പോലീസില്‍ പരാതി നല്‍കി.
ഐ.ഐ.ടി. ഡല്‍ഹിയിലെ എം.ടെക് വിദ്യാര്‍ഥിയായ അഞ്ചല്‍ ഭരദ്വാജിനെ നോയിഡ ഹൗസിങ് സൊസൈറ്റി സെക്ടര്‍ 121 ലെ ബന്ധുവിന്റെ അപ്പാര്‍ട്ട്‌മെന്റിന് സമീപം കഴിഞ്ഞ വെളളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. സെക്ടര്‍ 22ല്‍ പേയിങ് ഗസ്റ്റായിരുന്നു അഞ്ചല്‍. ബന്ധുവിന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ എട്ടാംനിലയില്‍ നിന്നും താഴെ വീണ് മരിച്ചെന്നായിരുന്നു അതുവരെയുളള വിവരം. എന്നാല്‍ സംഭവത്തില്‍ സഹോദരീപുത്രന് പങ്കുണ്ടെന്ന് പിതാവ് പരാതിപ്പെട്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

'' കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് സഹേദരീപുത്രന്റെ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവര്‍ അഞ്ചലിനെ സംശയിച്ചിരുന്നു. വെളളിയാഴ്ച അഞ്ചല്‍ താമസിച്ചിരുന്ന മുറി ഇവര്‍ പരിശോധിച്ചിരുന്നു. മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവരുടെ ശ്രമം.'' - അഞ്ചലിന്റെ പിതാവ് മഹാവീര്‍ ഭരത്വാജ് പറയുന്നു.
അഞ്ചല്‍ ഭരത്വാജ് താമസിക്കുന്ന വീട് പിതാവിന്റെ സഹോദരപുത്രന്‍ വെളളിയാഴ്ച സന്ദര്‍ശിക്കുകയും അഞ്ചലിനെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയുമായിരുന്നു. അന്നേ ദിവസം തന്നെയാണ് അഞ്ചലിനെ അപ്പാര്‍ട്ട്‌മെന്റിന്റെ എട്ടാമത്തെ നിലയില്‍ നിന്ന് താഴെവീണ് മരിച്ചനിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഫോര്‍ട്ടീസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയെത്തുടര്‍ന്നുളള ആഘാതം മൂലമാണ് മരണമെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്. എന്തായാലും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട് - അന്വേഷണോദ്യോഗസ്ഥന്‍ വിശ്വജിത്ത് ശ്രീവാസ്തവ് പറഞ്ഞു.
അതേസമയം തങ്ങളുടെ നഷ്ടപ്പെട്ട സ്വര്‍ണ്ണം അഞ്ചലിന്റെ മുറിയില്‍ കണ്ടെടുത്തതായാണ് ബന്ധു നല്‍കുന്ന വിശദീകരണം. ഉത്തര്‍പ്രദേശ് സ്വദേശികളാണ് അഞ്ചലിന്റെ കുടുംബം. പിതാവ് ഹരിയാണയില്‍ അധ്യാപകനാണ്.












Click it and Unblock the Notifications