ഇളവരശന് നീതി കിട്ടാത്തത് ദളിതനായതിലോ? ആത്മഹത്യയെന്ന് അന്വേഷണ സംഘം, കേസ് അവസാനിപ്പിച്ചു!!
ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇളവരശനെ കൊന്നതെന്നായിരുന്നു ആരോപണം .
ചെന്നൈ: നാല് വര്‍ഷം മുമ്പ് തമിഴ്‌നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു ദളിത് യുവാവ് ഇളവരശന്റെ മരണം. ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇളവരശനെ കൊന്നതെന്നായിരുന്നു ആരോപണം . എന്നാല്‍ സംഭവം ആത്മഹത്യയാണെന്നും കേസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്നും കേസന്വേഷിച്ച സിബി സിഐഡി വ്യക്തമാക്കുന്നു.
2013 ജൂലൈ നാലിന് റെയില്‍വെ ട്രാക്കില്‍ നിന്നാണ് ഇളവരശന്റെ മൃതദേഹം കണ്ടെത്തിയത്. ദുരഭിമാനക്കൊലയെന്നായിരുന്നു ഇളവരശന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതി റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു.

കൊലപാതകമോ
തമിഴ്‌നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു ഇളവരശന്റെ മരണം. ജൂലൈ നാലിനാണ് ധര്‍മ്മപുരി റെയില്‍വെ ട്രാക്കില്‍ നിന്ന് ഇളവരശന്റെ മൃതദേഹം കണ്ടെത്തിയത്. ദുരഭിമാനക്കൊല എന്നാണ് ഇളവരശന്റെ ബന്ധുക്കളുടെ ആരോപണം.

വ്യക്തമായ തെളിവ്
എന്നാല്‍ ഇളവരശന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇളവരശന്‍ വിവാഹം ചെയ്ത ദിവ്യ വീട്ടുകാര്‍ക്കൊപ്പം പോയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കോടതി റിപ്പോര്‍ട്ട് അംഗീകരിച്ചു.

സാക്ഷിമൊഴി
ഇളവരശന്റെ ശരീരത്തില്‍ നിന്ന് മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. കൂടാതെ ഭാര്യ പോയ ശേഷം ഇളവരശന്‍ നിരാശനായിരുന്നുവെന്നും സാക്ഷികള്‍ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയത്.

ഭീഷണി ഉണ്ടായിരുന്നു
ജാതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഭാര്യ അവരുടെ വീട്ടുകാര്‍ക്കൊപ്പം പോയതെന്നായിരുന്നു ഇളവരശന്‍ നേരത്തെ പറഞ്ഞിരുന്നത്. ജീവന് ഭീഷണി ഉണ്ടായിരുന്നതായും ഇളവരശന്‍ പറഞ്ഞതാണ് വിവരങ്ങള്‍.

പിന്നെ വേര്‍പിരിയല്‍
ദളിതനായ ഇളവരശന്‍ ഉയര്‍ന്ന ജാതിയായ വാണിയര്‍ വിഭാഗത്തിലെ പെണ്‍കുട്ടിയായ ദിവ്യയെ വിവാഹം ചെയ്യുകയായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. ഇതിനു പിന്നാലെ ദിവ്യയുടെ വീട്ടുകാര്‍ ദിവ്യയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വന്നിരുന്നു. എന്നാല്‍ ദിവ്യ സമ്മതിച്ചില്ല. ഇതിനെ തുടര്‍ന്ന് ദിവ്യയുടെ പിതാവ് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് ദിവ്യയുടെ വീട്ടുകാര്‍ കോടതിയെ സമീപിച്ചപ്പോഴാണ് അമ്മയ്‌ക്കൊപ്പം പോകാന്‍ ദിവ്യ തയ്യാറായത്. ഇതിനു പിന്നാലെയാണ് ഇളവരശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications