തുർക്കി എയർലൈൻസ് മുൻ ചെയർമാൻ ഇൽക്കർ ഐസി എയർ ഇന്ത്യയുടെ പുതിയ സിഇഒ
ദില്ലി: ടർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർപേഴ്സണായ ഇൽക്കർ ഐസിയെ എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു. ബോർഡ് യോഗത്തിലാണ് തിരുമാനമെന്ന് ടാറ്റ സൺസ് പത്രകുറിപ്പിൽ അറിയിച്ചു.
ടർക്കിഷ് എയർലൈൻസിന്റെ നിലവിലെ വിജയത്തിലേക്ക് നയിച്ച വ്യോമയാന വ്യവസായ പ്രമുഖനാണ് ഇൽക്കർ. എയർ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാൻ പോകുന്ന ടാറ്റ ഗ്രൂപ്പിലേക്ക് ഇൽക്കറിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ഇൽക്കർ ഐസിയുടെ നിയമനം അംഗീകരിക്കാൻ ചേർന്ന ബോർഡ് മീറ്റിംഗിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പ്രത്യേക ക്ഷണിതാവായിരുന്നു.

ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും എയർ ഇന്ത്യയെ നയിക്കാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്. എയർ ഇന്ത്യയുടെ ശക്തമായ പൈതൃകം ഞങ്ങൾ ഉപയോഗപ്പെടുത്തും. ലോകത്തിലെ തന്നെ മികച്ച എയർലൈനുകളിൽ ഒന്നായി എയർ ഇന്ത്യ മാറ്റുമെന്നും നിയമന വാർത്തകളോട് ഇൽക്കർ പ്രതികരിച്ചു.
1971-ൽ ഇസ്താംബൂളിലാണ് ഇൽക്കർ അയ്‌സിയുടെ ജനനം. ബിൽകെന്റ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ആൻഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ വകുപ്പിലെ (1994) പൂർവ്വ വിദ്യാർത്ഥിയാണ്. 1995- ൽ യു കെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിൽ ഗവേഷണം പൂർത്തിയാക്കിയ ഇൽക്കർ 1997-ൽ ഇസ്താംബൂളിലെ മർമര യൂണിവേഴ്‌സിറ്റിയിൽ ഇന്റർനാഷണൽ റിലേഷൻസ് മാസ്റ്റേഴ്‌സ് പ്രോഗ്രാം പൂർത്തിയാക്കി. 1994 ലാണ് ഇൽക്കർ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. 2020 ഡിസംബറിലാണ് നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തുടർന്ന് നാല് കമ്പനികൾ മുന്നോട്ട് വന്നിരുന്നു. അവസാന റൗണ്ടിലെത്തിയത് ടാറ്റയും സ്പൈസ് ജെറ്റുമായിരുന്നു. തുടർന്ന് സ്പൈസ് ജെറ്റിനെ തള്ളി ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.
1932 ൽ ടാറ്റ സൺസ് ആരംഭിച്ച വിമാനക്കമ്പനിയാണ് 1946 ൽ എയർ ഇന്ത്യ ആയത്. 1953 ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തത്. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications