'പനാമയിലെ ഇന്ത്യക്കാര്‍ സുരക്ഷിതര്‍; മരുന്നും ഭക്ഷണവും ലഭിക്കുന്നു: യാത്രാ വിമാനങ്ങളില്‍ തിരിച്ചെത്തിക്കും'
ന്യൂഡല്‍ഹി: യു.എസില്‍ നിന്ന് നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. 'ഞങ്ങളെ രക്ഷിക്കൂ' എന്ന് ഇന്ത്യക്കാരടക്കമുള്ളര്‍ സഹായത്തിനായി അപേക്ഷിക്കുന്ന ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഹോട്ടലിന്റെ ജനാലയ്ക്കരികില്‍ നിന്ന് കടലാസ് കഷ്ണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇവര്‍ സഹായത്തിനായി നിലവിളിച്ചത്. ഞങ്ങള്‍ സുരക്ഷിതരല്ലെന്നും അവര്‍ പറയുന്നുണ്ടായിരുന്നു. ഇപ്പോഴിതാ വിഷയം കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. പനാമയിലെ ഇന്ത്യന്‍ എംബസിയും സ്ഥിതിഗതികള്‍ പരിശോധിച്ചുവരികയാണ്.
യുഎസില്‍നിന്ന് നാടുകടത്തി പനാമയിലെത്തിച്ച ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഭക്ഷണവും മരുന്നും അടക്കമുള്ള അടിസ്ഥാന കാര്യങ്ങള്‍ ഇവര്‍ക്കു ലഭിക്കുന്നുണ്ട്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യാത്രാ വിമാനങ്ങള്‍ അയയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ പദ്ധതിയിടുന്നത്. ഇതുകൂടാതെ എംബസി ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യക്കാരെ ബന്ധപ്പെടാനുള്ള അനുവാദവും ലഭിച്ചിട്ടുണ്ട്. വൈകാതെ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ടെത്തി അവരുടെ അവസ്ഥ വിലയിരുത്താനും ആവശ്യമായ സഹായം നല്‍കാനും സാധിക്കും.

അതേസമയം, അനധികൃത കുടിയേറ്റക്കാരില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന് എംബസി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പനാമ സര്‍ക്കാരുമായി ചേര്‍ന്ന് ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പനാമ, നിക്കരാഗ്വ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസി സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
അമേരിക്കയില്‍ നിന്ന് രേഖകളില്ലാത്ത 299 കുടിയേറ്റക്കാരെയാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പനാമയിലേക്ക് അയച്ചത്. 171 പേര്‍ മാത്രമാണ് തങ്ങളുടെ ജന്മദേശങ്ങളിലേക്ക് മടങ്ങാന്‍ സമ്മതിച്ചത്. നാട്ടിലേക്കു മടങ്ങാന്‍ താല്‍പര്യമില്ലാത്ത നൂറോളം പേരെ ഹോട്ടലില്‍നിന്ന് വളരെ അകലെ വനമേഖലയായ ഡാരിയന്‍ പ്രവിശ്യയിലെ കേന്ദ്രത്തിലേക്കു മാറ്റിയെന്നു പനാമ സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രേഖകളില്ലാത്ത 332 ഇന്ത്യക്കാരെയാണ് യുഎസില്‍ നിന്ന് സൈനിക വിമാനത്തില്‍ നാടുകടത്തിയത്. ഇനിയും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരെ തിരിച്ചുകൊണ്ടുവരുന്നതിനായി യാത്ര വിമാനങ്ങള്‍ അയയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങി. ഇതിനായി എയര്‍ ഇന്ത്യ, യുഎസ് വിമാനക്കമ്പനികളായ യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയുമായി വിദേശ മന്ത്രാലയത്തിലെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications