'അനധികൃത ഭൂമി ഇടപാട്'; മല്ലികാർജ്ജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയിൽ പരാതി
ബെംഗളൂരു: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി നൽകി ബി ജെ പി നേതാവ് എൻ ആർ രമേശ്. അനധികൃത ഭൂമി ഇടപാട് നടത്തിയെന്ന് ആരോപിച്ചാണ് പരാതി. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ഗൂഢാലോചന നടത്തി, പൊതുസ്വത്ത് അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമം നടന്നു തുടങ്ങിയ ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
ഖാർഗെ, മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക്, രാഹുൽ, രാധാഭായി, രാധാകൃഷ്ണ, കർണാടക മന്ത്രി എം ബി പാട്ടീൽ, ഐ എ എസ് ഉദ്യോഗസ്ഥൻ ഡോ എസ് സെൽവകുമാർ തുടങ്ങിയവർക്കെതിരെയാണ് പരാതി.
ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റിന് അഞ്ച് ഏക്കർ ഭൂമി അനുവദിച്ചതിൽ സംശയകരമായ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. 394 പേജ് വരുന്ന രേഖകളും പരാതിക്കൊപ്പം രമേശ് നൽകിയിട്ടുണ്ട്.

രണ്ട് സർക്കാർ ഏജൻസികൾ സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റിന് പണം നൽകി. 2014 ൽ ബിടിഎം നാലാം സ്റ്റേജിലുള്ള 8000 സ്ക്വയർ മീറ്റർ സിഎ പ്ലോട്ട് ബാംഗ്ലൂർ ഡെവലപ്പ്മെന്റ് അതോറിറ്റിയും 2024 ൽ ബഗലൂരിലെ ഹൈടെക് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് പാർക്കിന്റെ ഹാർഡ്‌വെയർ സെക്ടറിലെ അഞ്ച് ഏക്കർ ഭൂമി രാഹുൽ എം ഖാർഗെയ്ക്ക് കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലെപ്മെന്റ് ബോർഡും നൽകി എന്നാണ് പരാതിയിൽ ഉള്ളത്.
അതേസമയം ബി ജെ പി നേതാവിന്റെ പരാതികൾ അടിസ്ഥാനരഹിതമാണെന്ന് പ്രിയങ്ക് ഖാർഗെ പ്രതികരിച്ചു. 'തന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. താൻ ബി ജെ പിയെ വേദനിപ്പിച്ചതിനാലാകാം ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തുന്നത്', പ്രിയങ്ക് എക്സിൽ കുറിച്ചു.
ദേവരച്ചിക്കനഹള്ളയിൽ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് വിഹാർ ട്രസ്റ്റിന് ബിഡിഎ സ്ഥലം അനുവദിച്ചത്. 30 വർഷത്തെ പാട്ടക്കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത്. 2010 ൽ ബോർഡ് ഇത് സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു', പ്രിയങ്ക് പറഞ്ഞു. ഭൂമി ഡീനോട്ടീഫിക്കേഷൻ ആവശ്യപ്പെട്ട് ചില ഭൂവുടമകൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും പ്രിയങ്ക് എക്സിൽ കുറിച്ചു.
മൂഡ ഭൂമി ഇടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ലോകായുക്ത കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗെയ്ക്കെതിരേയും പരാതി ഉയർന്നിരിക്കുന്നത്. ഇതേസമയം ഭൂമി ഇടപാട് കേസിന്റെ പേരിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് ഖാർഗെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications