‘എന്റെ മകനെ നിങ്ങളെ ഏൽപ്പിക്കുന്നു, അവൻ നിരാശനാക്കില്ല’; റായ്ബറേലിയിൽ രാഹുലിന് വേണ്ടി ഇറങ്ങി സോണിയ ഗാന്ധി
ലഖ്ന: റായ്ബറേലിയിൽ രാഹുൽ ഗാന്ധിയ്ക്കായി പ്രചരണത്തിനിറങ്ങി സോണിയ ഗാന്ധി. തന്നോട് കാണിച്ച അതേ വാത്സ്യല്യം റായ്ബറേലിയിലെ ജനങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മകനെ വിശ്വസിപ്പിച്ച് ഏൽപ്പിക്കുകയാണെന്നും സോണിയ പാറഞ്ഞു. സമാജ്വാവാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനും പ്രിയങ്ക ഗാന്ധിയ്ക്കും ഒപ്പമാണ് സോണിയ പ്രചരണത്തിന് എത്തിയത്.
'നിങ്ങളുടെ സ്നേഹം എന്നെ ഒരുകാലത്തും തനിച്ചാക്കിയിട്ടില്ല. ഞാൻ എന്റെ മകനേയും നിങ്ങളെ ഏൽപ്പിക്കുകയാണ്. നിങ്ങൾ എന്നെ നിങ്ങളുടെ സ്വന്തമെന്ന് കണക്കാക്കിയത് പോലെ രാഹുലിനേയും കാണണം. അവൻ നിങ്ങളെ നിരാശപ്പെടുത്തില്ല', സോണിയ പറഞ്ഞു. 30 വർഷം ഇവിടുത്തെ ജനങ്ങളെ സേവിക്കാൻ നിങ്ങൾ എനിക്ക് അവസരം തന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണത്. തൻ്റെ കുടുംബത്തിന് മണ്ഡലവുമായി 100 വർഷത്തെ ബന്ധമുണ്ടെന്നും സോണിയ പറഞ്ഞു.

പ്രധാമമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു രാഹുൽ സംസാരിച്ചത്. മോദി പരാജയം പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിലെ പരാജയം തിരിച്ചറിഞ്ഞുവെന്ന് രാഹുൽ പറഞ്ഞു. താൻ റായ്ബറേലിയിലെ എംപി മാത്രമായിരിക്കില്ലെന്നും അമേഠിയും തന്റെ മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുലിനെ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിപ്പിക്കണമെന്നായിരുന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വോട്ടർമാരോട് അഭ്യർത്ഥിച്ചത്. റായ്ബറേലിയിലെ ബിജെപി സ്ഥാനാർത്ഥി ദിനേശ് പ്രതാപ് സിംഗിന് ഭൂമാഫിയയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് ശക്തമായ മറുപടി ഇവിടുത്തെ ജനങ്ങൾ നൽകണമെന്നും തങ്ങളുടെ വോട്ട് 'ബുൾഡോസറായി' ബിജെപിക്കെതിരെ ഉപയോഗിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
ഉത്തർ പ്രദേശിൽ ശക്തമായ പ്രചാരണമാണ് ബിജെപിയും നടത്തുന്നത്. കഴിഞ്ഞ ദിവസം രാമ ക്ഷേത്രം കോൺഗ്രസ്സിനും എസ്പിക്കും എതിരെ മോദി ആയുധമാക്കി. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ അയോദ്ധ്യയിലെ രാമക്ഷേത്രം ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് മോദി പറഞ്ഞു. 'രാമക്ഷേത്രം ഉപയോഗശൂന്യമാണെന്നാണ് ഒരു മുതിർന്ന എസ് പി നേതാവ് രാമനവമി ദിനത്തിൽ പറഞ്ഞത്. അതേസമയം, രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. അവർക്ക് കുടുംബവും അധികാരവും മാത്രമാണ് പ്രധാനം. എസ് പിയും കോൺഗ്രസും അധികാരത്തിൽ വന്നാൽ രാംലല്ല വീണ്ടും ടെന്റിലേക്ക് മടങ്ങേണ്ടി വരും. അവർ അയോധ്യയിലെ ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും', എന്നാണ് മോദിയുടെ വാക്കുകൾ.
21 നാണ് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ്. ഈ രണ്ട് മണ്ഡലങ്ങളും ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications