ബുച്ചയിൽ നിന്നുള്ള ചിത്രങ്ങൾ ആശങ്കയുണ്ടാക്കുന്നു; സ്വതന്ത്ര അന്വേഷണത്തെ പിൻതുണച്ച് ഇന്ത്യ
ഡൽഹി; യുക്രൈനിലെ ബുച്ചയിൽ നടന്ന കൂട്ടകൊലപാതകങ്ങളിൽ പ്രതികരണം അറിയിച്ച് ഇന്ത്യ. യുദ്ധത്തിന്റെ ഭാ ഗമായി സാധാരണ പൗരൻമാരെ വധിച്ചത് ആശങ്ക പ്രകടിപ്പിക്കുന്നു എന്ന് ഇന്ത്യ യുഎന്നിൽ അറിയിച്ചു. സ്വതന്ത്ര അന്വേഷത്തിനുള്ള ആഹ്വാനത്തെ ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യൻ അംബാസഡർ ടിഎസ് തിരുമൂർത്തിയാണ് ഇക്കാര്യങ്ങൾ യുഎന്നിൽ വ്യക്തമാക്കിയത്. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റഷ്യക്കെതിരെയുള്ള ഒരു നിലപാടുമായി ഇന്ത്യ രം ഗത്ത് വരുന്നത്.
"ബുച്ചയിലെ സിവിലിയൻ കൊലപാതകങ്ങളെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ അഗാധമായ അസ്വസ്ഥത ഉളവാക്കുന്നു. ഈ കൊലപാതകങ്ങളെ ഞങ്ങൾ അസന്നിഗ്ദ്ധമായി അപലപിക്കുകയും സ്വതന്ത്രമായ അന്വേഷണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു". തിരുമൂർത്തി പറഞ്ഞു. അക്രമം ഉടൻ അവസാനിപ്പിക്കാനുള്ള ആഹ്വാനം ഇന്ത്യയും ആവർത്തിക്കുകയും ചെയ്തു. റഷ്യൻ സൈന്യം ഈ പ്രദേശത്ത് നിന്ന് പിൻമാറിയതിന് ശേഷമാണ് ബുച്ച പട്ടണത്തിലെ ദേവാലയത്തിന് സമീപം 45 അടി നീളമുള്ള കൂട്ട ശവക്കുഴി കണ്ടെത്തിയത്. ഇരുപതുപേരുടെ മൃതദേഹങ്ങളും ബുച്ചയിലെ തെരുവിൽനിന്നു കണ്ടെടുത്തിയിരുന്നു. യുഎസ് കമ്പനിയായ മാക്‌സർ ടെക്‌നോളജീസ് ആണ് സ്ഥലത്തെ സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ അതീവ ഉത്കണ്ഠാകുലരാണെന്ന് വാദിച്ചുകൊണ്ട് തിരുമൂർത്തി പറഞ്ഞു, "പ്രതിസന്ധിയുടെ ആഘാതം മേഖലയ്ക്ക് പുറത്ത് വർദ്ധിച്ചുവരുന്നുണ്ട്. ഭക്ഷണ, ഊർജ്ജ ചെലവുകൾ, പല വികസ്വര രാജ്യങ്ങളിലും വർധിച്ചു വരുകയാണ്. നിരപരാധികളായ മനുഷ്യജീവനുകൾ അപകടത്തിലാകുമ്പോൾ, നയതന്ത്രം മാത്രമേ പ്രായോഗികമായ ഓപ്ഷനായി നിലനിൽക്കൂ," അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രൈനിൽ നിന്ന് പുറത്ത് വന്നതിൽ ഏറ്റവും ഞെട്ടിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബുച്ചയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്.
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, നാറ്റോ എന്നീ രാജ്യങ്ങൾ ബുച്ചയിൽ നടന്ന സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രം ഗത്ത് വന്നിരുന്നു. അതേ സമയം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ യുദ്ധ കുറ്റവാളി എന്ന് വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രം ഗത്ത് വന്നു. റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുമെന്നും ബൈഡൻ വ്യക്തമാക്കി. യുക്രൈനിൽ പൗരൻമാരെ ടാങ്കുകൾ ഉപയോഗിച്ച് കൊല്ലുകയാണെന്നും കുട്ടികളുടെ മുന്നിൽ വെച്ച് സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം റഷ്യൻ സേന വധിക്കുകയാണെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യുഎന്നിൽ ആരോപിച്ചു. നിരവധി ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് ബുച്ചയിലെ കൂട്ടക്കൊല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്നാണ് റഷ്യ പറയുന്നത്. "ഞങ്ങളുടെ പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധർ വീഡിയോ വ്യാജമാണെന്നതിന്റെ നിരവധി അടയാളങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പല അന്താരാഷ്‌ട്ര നേതാക്കളും അമിതമായ ആരോപണങ്ങളിൽ തിരക്കുകൂട്ടരുതെന്നും ഞങ്ങളുടെ വാദങ്ങളെങ്കിലും കേൾക്കാൻ തയ്യാറാകണമെന്നും" റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.












Click it and Unblock the Notifications