കേരളത്തിലും ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനം
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നത്. കേരളം ഇതുവരേയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒറ്റയടിക്ക് പൂര്‍ണ്ണമായും സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ നീക്കില്ലെന്നാണ് സൂചന. ഇന്ന് മുഖ്യമന്ത്രി ചേരുന്ന അവലോകന യോഗത്തിലെ വിലയിരുത്തല്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ നാളെ വ്യക്തത വരും. നാളം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
അതേസമയം അയല്‍ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ബാധ കൂടി വരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാകളക്ടര്‍മാരുടേയും എസ്പി മാരുടേയും ഡിഎംഒമാരുടേയും സംയുക്ത വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഹോട്ട്‌സ്‌പോട്ടുകളില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തമിഴ്‌നാട് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും ആശങ്ക നിലനില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. കൊല്ലം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്ന നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്. നിലവില്‍ പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചും അല്ലാതെയും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതി കൂടാതെയാണ് ഊടു വഴികളില്‍ ഉള്‍പ്പെടെ പരിശോധനക്കായി നിര്‍ദേശം നല്‍കിയത്.
കേന്ദ്ര ഇളവനുസരിച്ച് ഇന്ന് വിവിധ ജില്ലകളില്‍ തീവ്രബാധിത പ്രദേശമല്ലാത്തിടത്ത് ചെറുകടകളെല്ലാം തന്നെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെ കേരളത്തില്‍ ഏഴ് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
കോട്ടയത്ത് മൂന്ന് പേര്‍, കൊല്ലം മൂന്ന് പേര്‍ കണ്ണൂര്‍ ഒരാള്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗബാധയുണ്ടായ ആള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. 116 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകള്‍ പൂര്‍ണ്ണമായും കൊറോണ മുക്തമായി.
ആഭ്യന്ത്ര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഹോട്ട്‌സ്‌പോര്‍ട്ട് ഒഴികെയുള്ളയിടങ്ങളിലെല്ലാം കടകള്‍ തുറക്കുന്ന നില കേരളത്തില്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടകള്‍ തുറക്കാമെന്ന് പറഞ്ഞയുടനെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയല്ല വേണ്ടതെന്നും കട പൂര്‍ണ്ണമായും ശുചീകരിച്ച് പരിസരം അണുവിമുക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications