സിജെപി സമരത്തിൽ പങ്കെടുത്തതിന് മാപ്പ് പറഞ്ഞ് ഇമ്രാൻ ഖാൻ, അമേരിക്കയിലെങ്കിൽ വിമാനം കയറ്റി വിട്ടേനെയെന്ന് കോടതി
മുംബൈ: എസ്‌ഐആറിന് എതിരെയുളള സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ബോംബെ ഹൈക്കോടതിക്ക് മുന്നില്‍ നിരുപാധികം മാപ്പ് പറഞ്ഞ് നടന്‍ ഇമ്രാന്‍ ഖാന്‍. അമേരിക്കന്‍ പൗരത്വമുളള, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ഉടമയായ ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലെ സമരത്തില്‍ പങ്കെടുത്തതിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ഇന്ത്യന്‍ പൗരനല്ലാത്ത ഇമ്രാന്‍ ഖാന്‍ സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഫോറിനേഴ്‌സ് റീജിണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് താരത്തിനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ടാണ് ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കുന്നത് കോടതി ഡിസംബര്‍ 7ലേക്ക് മാറ്റി. അതുവരെ ഇമ്രാന്‍ ഖാന് ഇന്ത്യയില്‍ തുടരാം.

എന്തിനാണ് സമരസ്ഥലത്ത് പോയതെന്ന് ഇമ്രാന്‍ ഖാനോട് ഹൈക്കോടതി ചോദിച്ചു. ഒരു ഇന്ത്യന്‍ പൗരവും ഒസിഐ കാര്‍ഡ് ഉടമയ്ക്കും ഉളള അവകാശങ്ങള്‍ വ്യത്യസ്തമാണ്. സമരത്തിന് പോയതാണോ അതോ മറ്റെന്തെങ്കിലും ആവശ്യത്തിന് പോയതാണോ എന്ന് വ്യക്തമാക്കണം. സമരവുമായി യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കണം. കാരണം പ്രതിഷേധം എസ്‌ഐആറിന് എതിരെയായിരുന്നു, അതില്‍ നിങ്ങള്‍ക്ക് യാതൊരു കാര്യവും ഇല്ലാത്തതാണ്, ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അമേരിക്കയിലോ മറ്റേതെങ്കിലും രാജ്യത്തോ ഒരു ഇന്ത്യന്‍ പൗരന്‍ ഇങ്ങനെ സമരം ചെയ്താല്‍ തൊട്ടടുത്ത വിമാനത്തില്‍ കയറ്റി വിട്ടേനെ എന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്‌ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രണ്ട് വയസ്സ് മുതല്‍ ഇപ്പോള്‍ വരെ താന്‍ ജീവിച്ചത് ഇന്ത്യയില്‍ ആണെന്നും പഠിച്ചതും ജോലി ചെയ്യുന്നതും വിവാഹം കഴിച്ചും കുട്ടി ഉളളതും ഇന്ത്യയില്‍ ആണെന്നും ഇമ്രാന്‍ ഖാന്‍ കോടതിയില്‍ വ്യക്തമാക്കി.
സമരസ്ഥലത്ത് കൂടി കടന്ന് പോകുമ്പോള്‍ എന്താണ് എന്നറിയാന്‍ മാത്രം അങ്ങോട്ട് ചെന്നതാണ് എന്നും സമരം സംഘടിപ്പിച്ചവരുമായി യാതൊരു ബന്ധവും ഇല്ലെന്നും ഇമ്രാന്‍ ഖാന്‍ കോടതിയെ അറിയിച്ചു. ഇന്ത്യയോടും ഭരണഘടനയോടും സ്‌നേഹവും ബഹുമാനവും മാത്രമാണ് ഉളളതെന്നും ഇനി ഇത്തരം സമരങ്ങളില്‍ പങ്കെടുക്കില്ലെന്നും കോടതിയില്‍ രേഖാമൂലം നല്‍കിയ മാപ്പപേക്ഷയില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.


Click it and Unblock the Notifications
