45 മണിക്കൂറിനുള്ളില്‍ മോദി കൂടിക്കാഴ്ച നടത്തുന്നത് പത്തോളം ലോകനേതാക്കളുമായി; ആകാംക്ഷയില്‍ ലോകം
ന്യൂദല്‍ഹി: ജി 20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി യോഗങ്ങളില്‍ പത്തോളം ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഏകദേശം 45 മണിക്കൂര്‍ ഇന്തോനേഷ്യയില്‍ ചെലവഴിക്കുന്ന നരേന്ദ്രമോദിയുടേത് തിരക്കിട്ട ഷെഡ്യൂള്‍ ആണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
20 ഓളം മറ്റ് കൂടിക്കാഴ്ചകളും അദ്ദേഹം നടത്തും. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഇന്തോനേഷ്യയിലേക്ക് പോകുന്നത്. നവംബര്‍ 16 ന് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്യും. നടക്കാനിരിക്കുന്നത് 17-ാമത് ജി 20 ഉച്ചകോടിയാണ്. സമാപന സമ്മേളനത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ജി 20 പ്രസിഡന്റ് സ്ഥാനം പ്രതീകാത്മകമായി മോദിക്ക് കൈമാറും.

ഇന്തോനേഷ്യയിലെ പ്രവാസികളുമായി ബന്ധപ്പെടാന്‍ പ്രധാനമന്ത്രിയുടെ കമ്മ്യൂണിറ്റി പരിപാടിയും നടക്കും.2022 ഡിസംബര്‍ 1 മുതല്‍ ആണ് ഇന്ത്യ ഔദ്യോഗികമായി ജി 20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ബാലി ഉച്ചകോടിയില്‍ ജി 20 നേതാക്കള്‍ ആഗോള ആശങ്കയുടെ പ്രധാന വിഷയങ്ങളില്‍ വിപുലമായി ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു.

ജി 20 ഉച്ചകോടി അജണ്ടയുടെ ഭാഗമായി ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ, ആരോഗ്യം, ഡിജിറ്റല്‍ രൂപാന്തരം എന്നിങ്ങനെ മൂന്ന് വര്‍ക്കിംഗ് സെഷനുകള്‍ നടക്കും. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഉച്ചകോടി സുപ്രധാനമായ ഒന്നാണ്. സായുധ സംഘട്ടനം അവസാനിപ്പിക്കണം എന്നും ഇരുപക്ഷവും ചര്‍ച്ചക്ക് തയ്യാറാകണം എന്നുമുള്ള സംഘര്‍ഷത്തില്‍ നിലപാടാണ് ഇന്ത്യ പുലര്‍ത്തുന്നത്.

മോദി, തന്റെ റഷ്യന്‍ സന്ദര്‍ശന വേളയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് 'ഇന്നത്തെ യുഗം യുദ്ധമല്ല' എന്ന് പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ഇതിനെ പല പാശ്ചാത്യ ശക്തികളും പ്രശംസിച്ചിരുന്നു. അതേസമയം ഇന്തോനേഷ്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് പുടിന്‍ അറിയിച്ചിട്ടുണ്ട്.

പുതിയ യു കെ പ്രധാനമന്ത്രി ഋഷി സുനക്കും മോദിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയെ വളരെ ശ്രദ്ധയോടെ ആണ് ലോകം വീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ ബന്ധങ്ങള്‍ ആരംഭിച്ചേക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications