യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: ബിജെപിയുടെ ദളിത്-ആദിവാസി വിരുദ്ധ മുഖം വെളിപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി
ഡൽഹി: മധ്യപ്രദേശിൽ ബി ജെ പി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി ജെ പിയുടെ ദളിത്-ആദിവാസി വിരുദ്ധ മുഖമാണ് സംഭവത്തിലൂടെ വെളിപ്പെട്ടതെന്ന് രാഹുൽ പറഞ്ഞു. ബി ജെ പി ഭരണത്തിൻ കീഴിൽ രാജ്യത്ത് ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
'മധ്യപ്രദേശിലെ ബി ജെ പി നേതാവിന്റെ മനുഷ്യത്വരഹിതമായ പ്രവൃത്തി മനുഷ്യരാശിയെ ഒന്നാകെ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദളിതരോടുമുള്ള ബി ജെ പിയുടെ വെറുപ്പിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ വെളിവാകുന്നത്', രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ രംഗത്തെത്തിയിരുന്നു. 'ബി ജെ പി എം എൽ എയുമായി അടുപ്പമുള്ള വ്യക്തി നടത്തിയ മനുഷ്യത്വരഹിതവും മ്ലേച്ഛവുമായ പ്രവൃത്തി അങ്ങേയറ്റം ലജ്ജാകരമാണ്', പ്രിയങ്ക കുറിച്ചു. 'സംസ്ഥാനത്ത് 18 വർഷത്തെ ബി ജെ പി ഭരണത്തിൽ 30,400 ഓളം ആദിവാസികൾക്കെതിരെയാണ് അതിക്രമങ്ങൾ നടന്നത്. ബി ജെ പി ഭരണത്തിന് കീഴിൽ ഗോത്രവർഗങ്ങളെ കുറിച്ച് പൊള്ളയായ അവകാശവാദങ്ങളും പൊള്ളയായ വാക്കുകളും മാത്രമേയുള്ളൂ. എന്തുകൊണ്ടാണ് ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കാത്തത്?', പ്രിയങ്ക ഗാന്ധി ട്വീറ്റിൽ ചോദിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു മധ്യപ്രദേശിലെ സിന്ധിയിൽ പ്രവേശ് ശുക്ല എന്നയാൾ ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തുവന്നത്. സംഭവം വിവാദമായതോടെ പ്രവേശ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ദേശീയ സുരക്ഷാ നിയമം, എസ് സി -എസ് ടി ആക്ട് എന്നിവ ചുമത്തിയായായിരുന്നു അറസ്റ്റ്. സിന്ധി എം എൽ എയും ബി ജെ പി നേതാവുമായ കേദാർനാഥ് ശുക്ലയുടെ അനുയായിയാണ് ഇയാൾ എന്നാണ് കോൺഗ്രസ് ആരോപണം. എന്നാൽ എം പി ഇക്കാര്യം തള്ളി. പ്രതി ബി ജെ പി അംഗം പോലും അല്ലെന്നാണ് എംഎൽഎയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
അതേസമയം പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബി ജെ പി നേതാവും ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്ര പ്രതികരിച്ചു. 'പ്രതിയുടെ പ്രവൃത്തി ഹീനവും അപലപനീയവുമാണ്. പ്രതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനം ഉറപ്പ് നൽകിയിട്ടുണ്ട്', നരോത്തം മിശ്ര പറഞ്ഞു.












Click it and Unblock the Notifications