ഇന്ധനവിലയ്ക്ക് പിന്നാലെ ഇരുട്ടടി; പാരസെറ്റാമോള്‍ അടക്കമുള്ള അവശ്യമരുന്നുകളുടെ വില വര്‍ധിക്കും
ന്യൂദല്‍ഹി: രാജ്യത്ത് പാരസെറ്റാമോള്‍ അടക്കമുള്ള അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ 10.7 ശതമാനം വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ഓഫ് ഇന്ത്യയാണ് വില നിലവാരം പുതുക്കിയത്. 800 മരുന്നുകളുടെ വിലയാണ് പുതുക്കി നിശ്ചയിക്കുന്നത്. ഇതോടെ പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ത്വക്ക് രോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില വര്‍ധിക്കും.
പാരസെറ്റമോള്‍, ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോള്‍ തുടങ്ങിയ മരുന്നുകള്‍ വില വര്‍ധിക്കുന്ന മരുന്നുകളില്‍ ഉള്‍പ്പെടുന്നു. 2013 ലെ ഡ്രഗ്സ് വില നിയന്ത്രണ ഉത്തരവിലെ വ്യവസ്ഥകള്‍ അനുസരിച്ച് തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.

രാജ്യത്ത് ഇന്ധന വില അനുദിനം ഉയരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നുകളുടെ വില വര്‍ദ്ധന. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് തവണയാണ് ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധന വില ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ച് തുടങ്ങിയത്. ഇതോടെ അഞ്ച് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 3.48 രൂപയാണ്. ഡീസലിന് 3.30 രൂപയും വര്‍ധിച്ചു.
നാലര മാസത്തിന് ശേഷം മാര്‍ച്ച് 22 നാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഈ ദിവസങ്ങളില്‍ എല്ലാം ശരാശരി 80 പൈസ എന്ന നിരക്കിലാണ് ഇന്ധന വില വര്‍ധിച്ചത്. 2017 ജൂണില്‍ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള പ്രതിദിന വര്‍ദ്ധനവാണ് ഇത്. എല്ലാ മാസവും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കാറുണ്ട്.
അതിനിടെയാണ് കഴിഞ്ഞ ആഴ്ചയില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചത്. 50 രൂപയാണ് എല്‍ പി ജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. ഇതിനിടെ അവശ്യ മരുന്നുകളുടെ വിലയും വര്‍ധിപ്പിക്കുന്നത് സാധാരണക്കാരന്റെ നടുവൊടിക്കും എന്നാണ് ഉയരുന്ന വിമര്‍ശനം.












Click it and Unblock the Notifications