60 മണിക്കൂര്‍ നീണ്ട ഐടി പരിശോധന അവസാനിച്ചു; സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി
അതേസമയം ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെ മാധ്യമങ്ങളെ അറിയിക്കും. ഇതുവരെ അവര്‍ പ്രതികരിച്ചിട്ടില്ല.

ദില്ലി: ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തി വന്ന റെയ്ഡ് അവസാനിച്ചു. മൂന്ന് ദിവസങ്ങളിലായി 60 മണിക്കൂറിനടുത്താണ് റെയ്ഡ് നടന്നത്. ഡിജിറ്റല്‍ രേഖകളും ഫയലുകളുമാണ് ഐടി വിഭാഗം പരിശോധിച്ചത്.
ബിബിസിയുടെ സീനിയര്‍ എഡിറ്റര്‍ അടക്കം പത്ത് ജീവനക്കാരോടാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. സെന്‍ട്രല്‍ ദില്ലിയിലെ കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലുള്ള ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ഇവര്‍ പരിശോധന അവസാനിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. അതേസമയം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തുടരുമെന്നായിരുന്നു ബിബിസിയുടെ ആദ്യ പ്രതികരണം.

അതേസമയം ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെ മാധ്യമങ്ങളെ അറിയിക്കും. ഇതുവരെ അവര്‍ പ്രതികരിച്ചിട്ടില്ല. ബിബിസിയുടെ സീനിയര്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ ക്ലോണ്‍ ചെയ്‌തെടുത്തിട്ടുണ്ട് അധികൃതര്‍.
ഇവരുടെ ലാപ്പ്‌ടോപ്പുകളും, ഡെസ്‌ക്ടോപ്പുകളും സ്‌കാന്‍ ചെയ്ത് വിവരങ്ങളെടുത്തിട്ടുണ്ട്. ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്നാണ് ബിബിസി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്നും അവര്‍ പറഞ്ഞു.
ആദായനികുതി അധികൃതര്‍ ഇവരുടെ ഡിവൈസുകളില്‍ ടാക്‌സ്, ബ്ലാക് മണി, ബിനാമി തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് നോക്കിയെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ഇതിലൂടെ ബാങ്കിങ് സമ്പ്രദായത്തിലൂടെയല്ലാതെ പണം കൈമാറിയിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഇത്.
അതേസമയം ദില്ലിയിലെയും മുംബൈയിലെയും ബിബിസിയുടെയും ഓഫീസില്‍ നിന്ന് ആദായനികുതി അധികൃതര്‍ മടങ്ങി പോയിട്ടുണ്ട്. അധികൃതരുമായി സഹകരിക്കുമെന്ന് ബിബിസി ജീവനക്കാര്‍ അറിയിച്ചു. ഞങ്ങളുടെ ജീവനക്കാരെ ഈ ഘട്ടത്തില്‍ പിന്തുണയ്ക്കുന്നു.
അവര്‍ക്ക് ദീര്‍ഘനേരം ചോദ്യം ചെയ്യല്‍ നേരിടേണ്ടി വന്നിട്ടുണ്ട്. രാത്രി വൈകിയും അവര്‍ക്ക് ചോദ്യം ചെയ്യലിനിരിക്കേണ്ടി വന്നു. അവരുടെ ക്ഷേമമാണ് ഞങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്ന കാര്യം. ഇന്ത്യയിലെ പ്രേക്ഷകരോടുള്ള ഞങ്ങളുടെ കടപ്പാട് തുടരുമെന്നും ബിബിസി പ്രസ് ടീം അറിയിച്ചു.
ബിബിസിയുടെ ട്രാന്‍സ്ഫര്‍ പ്രൈസുകളുടെ കാര്യത്തില്‍ തെറ്റായ നടപടിക്രമങ്ങള്‍ നടന്നുവെന്നാണ് ആദായനികുതി വകുപ്പ് ആരോപിച്ചത്. ലാഭത്തെ മറ്റ് മേഖലകളിലേക്ക് വകയിരുത്തിയെന്നാണ് അധികൃതര്‍ ആരോപിച്ചിരുന്നത്.
നേരത്തെയും ബിബിസിക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും, എന്നാല്‍ കൃത്യമായ മറുപടി അവര്‍ നല്‍കിയിരുന്നില്ലെന്നാണ് ഐടി വകുപ്പ് ആരോപിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിക്കെതിരെയുള്ള ഡോക്യുമെന്ററിയുടെ പേരില്‍ അവര്‍ പക പോക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.












Click it and Unblock the Notifications