ഇങ്ങനെയൊക്കെ ചെയ്യാന്‍ നാണമില്ലേ കോലി.. അവന്റെ അരങ്ങേറ്റമല്ലേ..? കോലിക്ക് വിമര്‍ശനം, വിലക്കിന് സാധ്യത
മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ അരങ്ങേറ്റ താരം സാം കോണ്‍സ്റ്റാസുമായി കൊമ്പ് കോര്‍ത്ത് ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോലി. ഓപ്പണറായി ഇറങ്ങിയ കോണ്‍സ്റ്റാസ് സൂപ്പര്‍താരം ജസപ്രീത് ബുംറയെ അടക്കം തകര്‍ത്തടിച്ച് മിന്നും ഫോമില്‍ നില്‍ക്കെയായിരുന്നു കോലിയുടെ മോശം പെരുമാറ്റം. പിച്ചിന് അരികിലൂടെ നടക്കുകയായിരുന്ന കോണ്‍സ്റ്റാസിനെ എതിര്‍വശത്ത് നിന്ന് വന്ന കോലി തോള്‍ കൊണ്ടിടിക്കുകയായിരുന്നു.
പിന്നാലെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി. ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജയും അംപയര്‍ മൈക്കിള്‍ ഗോഫും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്നിട്ടുണ്ട്. കോലി മനപൂര്‍വം പ്രശ്‌നമുണ്ടാക്കാനായി ചെയ്തത് പോലെയാണ് തോന്നിയത് എന്ന് കമന്ററി ബോക്‌സിലിരുന്ന് മുന്‍ ഓസീസ് താരം റിക്കി പോണ്ടിംഗ് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലും കോലിക്കെതിരെ വലിയ വിമര്‍ശനമുയരുന്നുണ്ട്. ഇന്ത്യന്‍ ആരാധകര്‍ അടക്കം കോലിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ ഒരു അരങ്ങേറ്റ താരത്തോട് ഇങ്ങനെ പെരുമാറാന്‍ നാണമില്ലേ എന്നാണ് പലരും കോലിയോട് ചോദിക്കുന്നത്. അതേസമയം സംഭവം കോലിക്കും ഇന്ത്യന്‍ ടീമിനാകേയും വലിയ തിരിച്ചടിയുണ്ടാക്കും എന്നാണ് വിലയിരുത്തല്‍.
വിരാട് കോലിക്ക് വിലക്ക് നല്‍കാന്‍ ഈ നടപടി ഇടയാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് സംഭവത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കോലിയുടെ അടുത്ത ടെസ്റ്റിലെ ഭാവി. ലെവല്‍ രണ്ട് കുറ്റമായി കണക്കാക്കിയാല്‍ വിരാട് കോലിക്ക് ഒരു ടെസ്റ്റ് വിലക്ക് ഉള്‍പ്പെടെയുള്ള നടപടികളെ നേരിടേണ്ടി വരും. കളിക്കാര്‍ക്കും പ്ലെയര്‍ സപ്പോര്‍ട്ട് പേഴ്‌സണലുകള്‍ക്കുമുള്ള ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സംഭവം 2.12 നിയമത്തിന് കീഴിലാണ്.
ഒരു കളിക്കാരന്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, അംപയര്‍, മാച്ച് റഫറി, കാണികള്‍ എന്നിവരുമായി അനുചിതമായ രീതിയില്‍ ശാരീരിക ഇടപെടല്‍ നടത്തുന്നതിനെ കുറിച്ചാണ് ഐസിസി പെരുമാറ്റച്ചട്ടം 2.12 പറയുന്നത്. നിയമമനുസരിച്ച് ഏത് തരത്തിലുള്ള അനുചിതമായ ശാരീരിക ഇടപെടലും ക്രിക്കറ്റില്‍ നിരോധിച്ചിരിക്കുന്നു. കളിക്കാര്‍ മനഃപൂര്‍വ്വമോ അശ്രദ്ധമായോ മറ്റൊരു കളിക്കാരന്റെയോ അംപയറിന്റേയോ അടുത്തേക്ക് ഓടുകയോ ശാരീരികമായി ഇടപെടുകയോ ചെയ്യാന്‍ പാടില്ല.
ഇത് ലെവല്‍ 2 കുറ്റമായി കണക്കാക്കിയാല്‍ കുറ്റക്കാരനായ കളിക്കാരന് മൂന്നോ നാലോ ഡീമെറിറ്റ് പോയിന്റുകള്‍ ലഭിക്കും. രണ്ട് കളിക്കാരില്‍ ആര്‍ക്കെങ്കിലും നാല് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചാല്‍. അത് സിഡ്നിയില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റില്‍ നിന്ന് സസ്പെന്‍ഷന്‍ ലഭിക്കുന്നതിലേക്ക് കലാശിക്കും. എന്നാല്‍ ലെവല്‍ 1 കുറ്റകൃത്യമായി കണക്കാക്കിയാല്‍ സാമ്പത്തിക പിഴ മാത്രമേ ലഭിക്കൂ.
അതേസമയം 65 പന്തില്‍ 60 റണ്‍സെടുത്താണ് സാം കോണ്‍സ്റ്റാസ് ആദ്യ ഇന്നിംഗസില്‍ പുറത്തായത്. രണ്ടു സിക്‌സുകളും ആറു ഫോറുകളും അടക്കമാണ് കോണ്‍സ്റ്റാസ് അര്‍ധ സെഞ്ച്വറി നേടിയത്. ഓസീസ് ഇന്നിംഗ്‌സില്‍ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരും അര്‍ധ സെഞ്ച്വറി നേടി.












Click it and Unblock the Notifications