സ്വാതന്ത്ര്യദിനം: ചെങ്കോട്ടയിലേക്ക് പ്രത്യേക അഥിതിയായി കോഴിക്കോടുകാരന്‍ ശെല്‍വരാജും
കോഴിക്കോട്: ഡൽഹിയിൽ നടക്കുന്ന ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ വിവിധ മേഖലകളിൽ നിന്നുള്ളവരെ പ്രത്യേക അതിഥികളായി ക്ഷണിച്ച് കേന്ദ്ര സർക്കാർ. ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, അധ്യാപകർ, നഴ്‌സുമാർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, കരകൗശല വിദഗ്ധൻ, സർക്കാർ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിവരാണ് സർക്കാറിന്റെ ക്ഷണം ലഭിച്ച അതിഥികള്‍.
പ്രധാനമന്ത്രി വികാസ് പദ്ധതിയുടെ ഗുണഭോക്താവായ കോഴിക്കോട് ജില്ലയിലെ പൊറ്റമ്മൽ സ്വദേശിയായ കരകൗശലവിദഗ്ധനും സ്വർണപ്പണിക്കാരനുമായ ശെൽവരാജ് കേന്ദ്ര സർക്കാറിന്റെ പ്രത്യേക ക്ഷണിതാവായി ഡല്‍ഹിയിലേക്ക് പോവുന്ന സംഘത്തിലുണ്ട്. തമിഴ് വിശ്വകർമ വിഭാഗക്കാരനായ ശെൽവരാജിന് തലമുറയായി കൈമാറിക്കിട്ടിയ കുലത്തൊഴിലാണ് സ്വർണപ്പണി.

ഏറെ താല്‍പര്യത്തോടെയാണ് താൻ ഈ തൊഴിൽ മേഖല തിരഞ്ഞെടുത്തത്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അംഗീകാരവും അവസരവും ലഭിക്കുന്നത്. ഇത് ഒരു അവാർഡിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. "നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിയുമെന്നതിൽ ഞാൻ സന്തോഷവാനാണ്. ഇത് എന്റെ ഭാഗ്യമായി കരുതുന്നു. ഇങ്ങനെയൊരു അവസരം കിട്ടിയെന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ സുഹൃത്തുക്കളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളും എന്റെ ഈ നേട്ടം വളരെയേറെ ആഘിക്കുന്നു," അദ്ദേഹം പറഞ്ഞു.
വെള്ളികൊണ്ട് ലോകകപ്പിന്റെ മാതൃകതീർത്തും സ്വർണത്തിൽ കംപ്യൂട്ടറിന്റെ രൂപമുണ്ടാക്കിയും ശ്രദ്ധേയനായ വ്യക്തിയാണ് ശെല്‍വരാജ്. നരേന്ദ്ര മോദിയുടെ പ്രസംഗം കേൾക്കാൻ ക്ഷണിക്കപ്പെട്ട 1,700 ഓളം ആളുകളിൽ ഏകദേശം 60 കരകൗശല വിദഗ്ധരാണ് ഉൾപ്പെടുന്നത്.
ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മഹാരാഷ്ട്ര സംസ്ഥാനത്ത് നിന്ന് പിഎം കിലാന്‍ പദ്ധതിയുടെ രണ്ട് ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തത്. "ഡൽഹിയിലെ ചെങ്കോട്ട സന്ദർശിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. സ്വാതന്ത്ര്യ ദിനത്തിൽ അവിടെ ഉണ്ടായിരിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായി തോന്നുന്നു." സ്വാതന്ത്രിനാഘോഷ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അശോക് സുദം ഗുലെ പറഞ്ഞു.
ഹരിയാനയില്‍ നിന്നും മൂന്ന് നഴ്സുമാർക്കാണ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇവരുള്‍പ്പെടെ ആകെ 50 നഴ്സുമാരും ചെങ്കോട്ടയിലെ പരിപാടിയില്‍ പങ്കെടുക്കും. ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവിൽ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ നഴ്‌സിംഗ് ഓഫീസറായി ജോലി ചെയ്യുന്ന സവിത റാണി, ക്ഷണം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും തന്റെ കുടുംബവും ആശുപത്രി ജീവനക്കാരും സന്തോഷവാനാണെന്നും പറഞ്ഞു.
എന്താണ് പിഎം വികാസ്
നൈപുണ്യ വികസനം, വിദ്യാഭ്യാസം, വനിതാ നേതൃത്വം, സംരംഭകത്വം എന്നീ ഘടകങ്ങൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് കരകൗശല തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനാണ് പിഎം വികാസ് ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ക്രെഡിറ്റ്, മാർക്കറ്റ് ബന്ധങ്ങൾ എന്നിവ മെച്ചെപ്പെടുത്താനും പദ്ധതി സഹായിക്കുന്നു












Click it and Unblock the Notifications