'നിന്ദ്യം, അംബേദ്കറെ അപമാനിക്കുന്നതിന് തുല്യം'; മോദിയുടെ ചെങ്കോട്ട പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഏകീകൃത സിവില്‍ കോഡിനായി മോദി ആഹ്വാനം ചെയ്തിരുന്നു. നിലവിലുള്ള നിയമങ്ങള്‍ വര്‍ഗീയവും വിവേചനപരവുമാണെന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു മോദിയുടെ പ്രതികരണം.
ഏക സിവില്‍ കോഡ് എന്നതിലേക്ക് രാജ്യം നീങ്ങുമെന്നും അത് ഒരിക്കലും വര്‍ഗീയപരമായ സിവില്‍ കോഡ് ആയിരിക്കില്ല എന്നുമായിരുന്നു മോദി പറഞ്ഞത്. പകരം മതേതര സിവില്‍ കോഡ് ആയിരിക്കും എന്നും മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായി വിമര്‍ശിച്ച് കൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. മോദിയുടെ പരാമര്‍ശം ഭരണഘടനാ ശില്‍പി ഡോ ബിആര്‍ അംബേദ്കറെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

'ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രിയുടെ പകപോക്കലിനും കൊള്ളരുതായ്മയ്ക്കും ചരിത്രത്തെ അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള കഴിവിന് അതിരുകളില്ല. അത് ഇന്ന് ചെങ്കോട്ടയില്‍ ഒന്നുകൂടി തെളിഞ്ഞു. ഞങ്ങള്‍ക്ക് ഒരു വര്‍ഗീയ സിവില്‍ കോഡ് ഉണ്ടായിരുന്നു എന്ന് പറയുന്നത് 1950-കളുടെ മധ്യത്തോടെ യാഥാര്‍ത്ഥ്യമായ ഹിന്ദു വ്യക്തിനിയമങ്ങളിലെ ഏറ്റവും വലിയ പരിഷ്‌കാര്‍ത്താവായ അംബേദ്കറിനേറ്റ കടുത്ത അപമാനമാണ്,' അദ്ദേഹം പറഞ്ഞു.
കുടുംബനിയമത്തിന്റെ പരിഷ്‌കരണത്തെക്കുറിച്ചുള്ള 21-ാമത് ലോ കമ്മീഷന്റെ കണ്‍സള്‍ട്ടേഷന്‍ പേപ്പറും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. 'അദ്ദേഹം ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നു. എന്നിട്ട് അംബേദ്കര്‍ എഴുതിയ നിയമം വര്‍ഗീയമാണെന്ന് വിളിക്കുന്നു, മുന്‍ സര്‍ക്കാരിന്റെ കാലത്ത് തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് വാജ്പേയിക്കെതിരെയും അദ്ദേഹം സംസാരിക്കുന്നു,' ഖേര പറഞ്ഞു.
ബംഗ്ലാദേശി ഹിന്ദുക്കളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ പ്രധാനമന്ത്രി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് തങ്ങള്‍ക്ക് അറിയണം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മതേതര സിവില്‍ കോഡ് കാലത്തിന്റെ ആവശ്യകത ആണ് എന്നാണ് മോദി പറഞ്ഞത്. രാജ്യത്തെ സാമുദായിക അടിസ്ഥാനത്തില്‍ വിഭജിക്കുകയും അസമത്വം സൃഷ്ടിക്കുകയും ചെയ്യുന്ന നിയമങ്ങള്‍ക്ക് ആധുനിക സമൂഹത്തില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ സുപ്രീംകോടതി നടത്തിയിട്ടുണ്ട് എന്നും ഇതേ വിഷയത്തില്‍ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയും ഭരണഘടനയും പറയുന്ന കാര്യം നിറവേറ്റേണ്ടത് തങ്ങളുടെ കടമയാണ് എന്നും മോദി പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണ് എന്നും എല്ലാവരും അവരുടെ അഭിപ്രായങ്ങളുമായി മുന്നോട്ട് വരണം എന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications