സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാഹുലിന് നല്‍കിയത് പിന്നിലെ സീറ്റ്; കേന്ദ്രത്തിന്റെ വിശദീകരണം ഇങ്ങനെ, വിവാദം
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയതില്‍ വിവാദം. പ്രോട്ടോക്കോള്‍ അനുസരിച്ച് കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന് എല്ലായ്‌പ്പോഴും മുന്‍ നിരയില്‍ ഒരു ഇരിപ്പിടം നല്‍കാറുണ്ട്. എന്നാല്‍ രാഹുലിന് ഒളിംപിക്‌സ് മെഡല്‍ ജേതാക്കള്‍ക്കൊപ്പം അവസാന നിരയില്‍ ആണ് സ്ഥാനം നല്‍കിയത്.
മനു ഭകര്‍, സരബ്‌ജോത് സിംഗ് തുടങ്ങിയ ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായിരുന്നു മുന്‍ നിരയിലുണ്ടായിരുന്നത്. കൂടാതെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, അമിത് ഷാ, എസ് ജയശങ്കര്‍ എന്നിവരും മുന്‍നിരയില്‍ ഉണ്ടായിരുന്നു. ഒളിംപിക്‌സില്‍ തുടര്‍ വെങ്കലം നേടിയ ഹോക്കി ടീമിലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ്, പിആര്‍ ശ്രീജേഷ് എന്നിവരും രാഹുല്‍ ഗാന്ധിക്ക് മുന്നിലായാണ് ഇരുന്നത്.

വെളുത്ത കുര്‍ത്ത-പൈജാമ ധരിച്ച രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ഹോക്കി ടീം ഫോര്‍വേഡ് ഗുര്‍ജന്ത് സിഗിന്റെ അരികിലാണ് ഇരുന്നത്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് എത്തുന്നത്. 2014 മുതല്‍ ഒരു പ്രതിപക്ഷപാര്‍ട്ടിക്കും ലോക്‌സഭയുടെ പത്തിലൊന്ന് അംഗസംഖ്യ ലഭിച്ചിരുന്നില്ല. അതിനാല്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
2014, 2019 തിരഞ്ഞെടുപ്പുകളില്‍ 543 അംഗ സഭയില്‍ യഥാക്രമം 44, 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയിരുന്നത്. അതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. എന്നാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയത്. ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനവും കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് സോണിയ ഗാന്ധിക്ക് എല്ലായ്‌പ്പോഴും ഒന്നാം നിരയില്‍ സീറ്റ് അനുവദിച്ചിരുന്നു.
അതേസമയം വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. മുന്‍നിര ഒളിംപിക്സ് മെഡല്‍ ജേതാക്കള്‍ക്ക് സീറ്റ് അനുവദിച്ചതിനാലാണ് പ്രതിപക്ഷ നേതാവിനെ പിന്‍നിരയിലേക്ക് മാറ്റേണ്ടി വന്നത് എന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞത്. സ്വാതന്ത്ര്യദിന പരിപാടിയുടെ നടത്തിപ്പും ഇരിപ്പിട പദ്ധതികള്‍ തയ്യാറാക്കലും പ്രതിരോധ മന്ത്രാലയത്തിനാണ്.
ഇന്ന് രാവിലെ ഏഴരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി കൊണ്ട് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. തുടര്‍ച്ചയായ 11-ാം തവണയാണ് സ്വാതന്ത്ര്യദിനത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.












Click it and Unblock the Notifications