കുതിച്ചു, പക്ഷേ വിശ്രമിക്കാനായിട്ടില്ല; ക്രൂഡ് ഓയിലും സ്വര്‍ണവും തകിടം മറിക്കും, അറിയാം നവ ഇന്ത്യ
1947ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയുടെ സാമ്പത്തിക രംഗം സഞ്ചരിച്ചത് വ്യത്യസ്ത വഴികളിലൂടെയാണ്. ആദ്യം കാര്‍ഷിക മേഖലയ്ക്കും പിന്നീട് വ്യവസായ രംഗത്തിനും ഊന്നല്‍ നല്‍കിയ ഇന്ത്യ 1991ന് ശേഷം വമ്പന്‍ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും നടപ്പാക്കിയതോടെ മല്‍സരാധിഷ്ടിത വിപണിയിലേക്ക് കടന്നു. ശേഷം വിദേശ നിക്ഷേപത്തിന്റെ ആകര്‍ഷണ കേന്ദ്രമാകാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ലോക സാമ്പത്തിക ശക്തികളില്‍ പലരെയും മറികടന്ന ഇന്ത്യ കടുത്ത പ്രതിസന്ധികളും നേരിടുന്നുണ്ട്. പണത്തിന്റെ കേന്ദ്രീകരണമാണ് വെല്ലുവിളി. വലിയ അസമത്വം നിലനില്‍ക്കുന്നു. ധനം ഏതാനും വ്യക്തികളിലേക്ക് ചുരുങ്ങുമ്പോള്‍ ബഹുഭൂരിഭാഗം ദൈനംദിന വരുമാനത്തിന് നെട്ടോട്ടമോടുകയാണ്. പണപ്പെരുപ്പവും മന്ദഗതിയിലുള്ള വ്യവസായ വളര്‍ച്ചയും വര്‍ധിച്ച വ്യാപാര കമ്മിയും വര്‍ഗീയതയുമെല്ലാം ഇന്ത്യയുടെ മുന്നേറ്റത്തെ തടയുന്നു.

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളില്‍ അമേരിക്കക്കും ചൈനയ്ക്കും ജര്‍മനിക്കും ശേഷമാണ് ഇന്ത്യയുടെ സ്ഥാനം. അടുത്തിടെയാണ് ജപ്പാന്റെ ജിഡിപി ഇന്ത്യ മറികടന്നത്. എന്നാല്‍ ആളോഹരി ജിഡിപിയില്‍ ഇന്ത്യ വളരെ പിന്നിലാണ് എന്നതാണ് സത്യം. 2023ലെ കണക്കു പ്രകാരം 2480 രൂപയാണ് ഇന്ത്യയുടെ ആളോഹരി ജിഡിപി. തായ്‌ലാന്റിനേക്കാള്‍ വളരെ താഴെയാണിത് എന്നത് എടുത്തു പറയണം.
സ്വാതന്ത്ര്യത്തിന് ശേഷം ബ്രിട്ടനെ കൈവിട്ട ഇന്ത്യ ആദ്യം സോവിയറ്റ് യൂണിയനെയും പിന്നീട് അമേരിക്കയെയും പിന്തുടരുന്നു എന്നാണ് വിലയിരുത്തല്‍. മന്‍മോഹന്‍ സിങ് ധനമന്ത്രിയായിരിക്കെ 1991 മുതല്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണം ആണ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ മാറ്റി മറിച്ചത്. വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള പദ്ധതികളും തുടങ്ങി.
2014ന് ശേഷം ഇതിന് വേണ്ടി പ്രത്യേകം ഊന്നല്‍ നല്‍കി പ്രയാണം തുടങ്ങുമ്പോള്‍ തന്നെ ആഭ്യന്തരമായി ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്ന മെയ്ക് ഇന്‍ ഇന്ത്യയും പ്രഖ്യാപിച്ചു. ഒപ്പം നികുതി, ഡിജിറ്റല്‍ രംഗത്തും വലിയ മാറ്റങ്ങള്‍ നടപ്പാക്കി. എന്നാല്‍ ഏറ്റവും ഒടുവില്‍ അമേരിക്ക ഉയര്‍ത്തുന്ന താരിഫ് ഭീഷണി തീര്‍ക്കുന്ന വെല്ലുവിളി ചെറുതല്ല.
പൗരത്വം ഉപേക്ഷിച്ചത് രണ്ട് ലക്ഷം പേര്‍
വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ നിക്ഷേപം വളരെ കുറഞ്ഞുവരികയാണ്. തൊഴില്‍ ലഭ്യമാക്കുന്നതിലും മുന്നേറാന്‍ സാധിച്ചിട്ടില്ല. വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇപ്പോഴും ശക്തമാണ്. 2024ല്‍ മാത്രം രണ്ട് ലക്ഷത്തില്‍ അധികം പേരാണ് ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ചത് എന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നല്‍കിയ കണക്കില്‍ വ്യക്തമാക്കുന്നു.
2023ലെ കണക്കു പ്രകാരം ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം 330 ദശലക്ഷം ടണ്‍ ആണ്. രാജ്യത്തെ 25 ശതമാനം ഭൂപ്രദേശം വനമാണ്. കന്നുകാലി, മല്‍സ്യ മേഖലയുമായി ബന്ധപ്പെട്ടാണ് ഗ്രാമീണ ജനതയില്‍ വലിയൊരു വിഭാഗം ഇപ്പോഴും ജീവിക്കുന്നത്. ധാതു-പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണെങ്കിലും സമ്പൂര്‍ണ തോതിലുള്ള ഖനനം പലമേഖലകളിലും സാധ്യമായിട്ടില്ല.
ഇന്ത്യയുടെ സമ്പത്ത് വലിയ തോതില്‍ വിദേശത്തേക്ക് പോകുന്നത് ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് വേണ്ടിയാണ്. ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണ ഇപ്പോഴും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ആഭ്യന്തര ഉല്‍പ്പാദനത്തിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. അതേസമയം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ വളരെ മുന്നിലുമാണ്. റഷ്യയില്‍ നിന്നുള്‍പ്പെടെ വില കുറഞ്ഞ ക്രൂഡ് ഇറക്കി സംസ്‌കരിച്ച് കയറ്റുമതി ചെയ്യുകയാണ്.
നിര്‍മാണ വ്യവസായം വൈവിധ്യവല്‍ക്കരിച്ചെങ്കിലും 2010നെ അപേക്ഷിച്ച് ഇതില്‍ നിന്നുള്ള ജിഡിപി പങ്കാളിത്തം 4 ശതമാനം കുറഞ്ഞിട്ടുണ്ട്. മാന്വുഫാക്ചറിങ് രംഗത്തെ വളര്‍ച്ച 25 ശതമാനം ഇന്ത്യ ലക്ഷ്യമിടുന്നു എങ്കിലും ഇപ്പോഴും 13 ശതമാനത്തിലാണ്. ലോകത്തെ രണ്ടാമത്തെ സ്റ്റീല്‍ ഉല്‍പ്പാദകരാണ് ഇന്ത്യ. ടെക്‌സ്റ്റൈല്‍ രംഗമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന വ്യവസായം. നാലര കോടിയാളുകളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.
കയറ്റുമതിയും ഇറക്കുമതിയും
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഡയമണ്ട്, ഇലക്ട്രോണിക്‌സ്, സ്വര്‍ണം-ആഭരണം, തുണിത്തരങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി. അമേരിക്ക, യുഎഇ, നെതര്‍ലാന്റ്‌സ്, ചൈന, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയുടെ കയറ്റുമതി കൂടുതല്‍. യുഎഇ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര്യ വ്യാപാര കരാര്‍ ഒപ്പുവച്ച ഇന്ത്യ ഒമാനുമായും വൈകാതെ കരാര്‍ ഒപ്പുവയ്ക്കും.
ക്രൂഡ് ഓയില്‍, കല്‍ക്കരി, സ്വര്‍ണം, ഇലക്ട്രോണിക്‌സ്, യന്ത്രങ്ങള്‍ എന്നിവയെല്ലാമാണ് ഇന്ത്യയുടെ പ്രധാന ഇറക്കുമതി. കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി കൂടുതലാണ്. ചൈന, റഷ്യ, അമേരിക്ക, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ ഇറക്കുമതിക്ക് പ്രധാനമായും ആശ്രയിക്കുന്നത്. രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 55 ശതമാനം സേവന മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്.
കുറഞ്ഞ കൂലി സമ്പ്രദായം നടപ്പാക്കിയ ഇന്ത്യയില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഇഎസ്‌ഐ, ഇപിഎഫ് എന്നിവ നടപ്പാക്കിയതും നേട്ടമാണ്. സമീപകാലത്ത് തൊഴിലാളി വിരുദ്ധ നയങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നു എന്ന വിമര്‍ശനവും ശക്തമാണ്. ഒട്ടേറെ ദൂരം താണ്ടിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും വികസനത്തിന്റെ നേട്ടമെത്തിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ഇന്ത്യ പോലുള്ള രാജ്യത്ത് ഇക്കാര്യത്തില്‍ വെല്ലുവിളി സ്വാഭാവികമാണെങ്കിലും മുന്നേറ്റം നടത്തേണ്ടത് അനിവാര്യമാണ്.












Click it and Unblock the Notifications