പാകിസ്താനിലെ പെഷവാറിൽ സിഖ് യുവാവ് കൊല്ലപ്പെട്ടു, ശക്തമായി അപലപിച്ച് ഇന്ത്യ
ദില്ലി: പാകിസ്താനിലെ പെഷവാറിൽ സിഖ് യുവാവ് കൊല്ലപ്പെട്ടു. 25കാരനായ രവിന്ദർ സിംഗാണ് കൊല്ലപ്പെട്ടത്. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. പെഷവാറിലെ ചംകനി പോലീസ് സ്റ്റേഷന് സമീപത്ത് നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
പാക് മാധ്യമപ്രവർത്തകനായ ഹർമീത് സിംഗിന്റെ സഹോദരനാണ് കൊല്ലപ്പെട്ട രവിന്ദർ സിംഗ്. മലേഷ്യയിൽ സ്ഥിരതാമസമാക്കിയ രവിന്ദർ സിംഗ് ഒരു മാസം മുമ്പാണ് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പാകിസ്താനിലെത്തുന്നത്. ഷോപ്പിംഗിനായി പെഷവാറിലെത്തിയതായിരുന്നു രവിന്ദർ.

രവിന്ദർ സിംഗിന്റെ കൊലപാതകത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കുറ്റക്കാർക്കെതിരെ കനത്ത നടപടിയെടുക്കണമെന്ന് ഇന്ത്യ പാക് സർക്കാരിനോട് ആവശ്യപ്പെട്ടു. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ പാക് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാകിസ്തനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് സിഖ് വംശജൻറെ കൊലപാതകം. വെള്ളിയാഴ്ച വൈകിട്ടാണ് ഗുരുദ്വാര വളഞ്ഞ് ജനക്കൂട്ടം കല്ലേറ് നടത്തിയത്. പാകിസ്താനിലെ ന്യൂനപക്ഷമായ സിംഖ് വിഭാഗത്തിന് നേരെ അതിക്രമം നടന്നെന്നും ഇവർക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications