നിയമസഭയില്‍ ഒറ്റക്ക്? ഡല്‍ഹിയിലും ഹരിയാനയിലും ഇന്ത്യാ സഖ്യമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്ലായിടത്തും ഇന്ത്യാ സഖ്യം ഒന്നിച്ച് മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഡല്‍ഹിയിലും ഹരിയാനയിലും ഇന്ത്യാ ബ്ലോക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരു സാധ്യതയും ഇല്ലെന്ന് ജയ്‌റാം രമേശ് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യാ സഖ്യം ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളും മറ്റ് സഖ്യകക്ഷികളും ധാരണയുണ്ടാക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ത്യാ ബ്ലോക്ക് ഒരുമിച്ച് പോരാടുമെന്ന് ജയറാം രമേശ് പറഞ്ഞു. ''പഞ്ചാബില്‍ ഇന്ത്യാ സഖ്യം ഇല്ല. ഹരിയാനയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല, ''അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡില്‍ ജെഎംഎമ്മുമായും മഹാരാഷ്ട്രയില്‍ ശിവസേനയും (യുബിടി) എന്‍സിപിയും (എസ്സിപി) തമ്മിലും കോണ്‍ഗ്രസ് സഖ്യത്തിലാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും ബന്ധപ്പെട്ട സഖ്യകക്ഷികളും സമ്മതിക്കുന്നിടത്ത് ഒരു സഖ്യമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഈ വര്‍ഷം അവസാനവും ഡല്‍ഹിയില്‍ അടുത്ത വര്‍ഷമാദ്യവും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
അതേസമയം ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തി. പാര്‍ലമെന്റിന് പുറത്ത് സമവായത്തിന് ആഹ്വാനം ചെയ്‌തെങ്കിലും അതിനുള്ളില്‍ ഏറ്റുമുട്ടലാണ് ബിജെപി തിരഞ്ഞെടുത്തതെന്നും അവര്‍ (ബിജെപി) പരാദജീവികളാണെന്നും ജയ്‌റാം രമേശ് പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളെ 'ഭക്ഷിച്ചാണ്' ബിജെപി സ്വാധീനമുറപ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
18-ാം ലോക്സഭയുടെ ആദ്യ സെഷന്‍ കാണിക്കുന്നത് ആക്രമണാത്മകവും പുനരുജ്ജീവിപ്പിച്ചതുമായ പ്രതിപക്ഷം ഉയര്‍ന്നുവന്നിട്ടുണ്ടെന്നാണ്. 2024 ലെ തിരഞ്ഞെടുപ്പ് ഫലം മോദിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരവും രാഷ്ട്രീയവും ധാര്‍മ്മികവുമായ തോല്‍വിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക്സഭയിലെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം ബിജെപി വളച്ചൊടിച്ചെന്നും ജയ്‌റാം രമേശ് ആരോപിച്ചു.
ഭരണകക്ഷി നേതാക്കള്‍ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്നുവെന്ന് ആരോപിച്ച് രാഹുല്‍ ബിജെപിക്കെതിരെ ആക്രമണം നടത്തിയിരുന്നു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വാക്കുകള്‍ വളച്ചൊടിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. പാര്‍ലമെന്റിലും അദ്ദേഹം അത് ചെയ്തതില്‍ അതിശയിക്കാനില്ല. തികച്ചും ന്യായമായ പരാമര്‍ശങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തിയത്, ജയ്‌റാം രമേശ് പറഞ്ഞു.
സഭയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ രാഹുലിന് പേടിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ജനവിധിയും പ്രധാനമന്ത്രിക്ക് വാരാണസിയില്‍ ലഭിച്ച ജനവിധിയും തമ്മില്‍ താരതമ്യമില്ലെന്ന് ഓര്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications