ആദ്യ കടമ്പ കടന്ന് കോണ്‍ഗ്രസ്; ഹാപ്പി ന്യൂസുമായി എസ്പി, യുപി ഇന്ത്യ സഖ്യത്തില്‍ 3 പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിപ്പിച്ച് സമാജ്‌വാദി പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം. ഇന്ത്യ സഖ്യം യാഥാര്‍ഥ്യമാകുമെന്ന സൂചന നല്‍കി നേതാക്കള്‍. സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായി എന്നാണ് പ്രതികരണം. കോണ്‍ഗ്രസ് കൂടി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കും. ഇരുപാര്‍ട്ടികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരവെ ഉത്തര്‍ പ്രദേശില്‍ ഇന്ത്യ സഖ്യം സാധ്യമാകുമോ എന്നായിരുന്നു പ്രധാന ചോദ്യം. വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും നിലപാടില്‍ അയവ് വരുത്തി. ഇതോടെയാണ് അന്തിമ ധാരണയായത്. സീറ്റ് വിഭജനം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നിലവില്‍ ഉത്തര്‍ പ്രദേശില്‍ പര്യടനം നടത്തുകയാണ്. ബംഗാളില്‍ മമത ബാനര്‍ജി വിട്ടുനിന്ന പോലെ യുപിയില്‍ അഖിലേഷും വിട്ടുനില്‍ക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. സീറ്റ് വിഭജനത്തില്‍ ധാരണയായാല്‍ ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം വ്യക്തമക്കുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് നടപടികള്‍ വേഗത്തിലാക്കിയത്.
എല്ലാം ഭംഗിയായി അവസാനിച്ചു. യുപിയില്‍ സഖ്യമുണ്ടാകും. യാതൊരു കലഹവുമില്ല. എല്ലാം വൈകാതെ വ്യക്തമാകും- അഖിലേഷ് യാദവ് പറഞ്ഞു. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ എന്‍ഡിടിവിയോട് പറഞ്ഞു. സഖ്യം സാധ്യമാകുന്നതിന് ചില വിട്ടുവീഴ്ചകള്‍ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
80 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശില്‍. 62 സീറ്റില്‍ എസ്പി മല്‍സരിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 17 സീറ്റില്‍ കോണ്‍ഗ്രസും മല്‍സരിക്കും. അമേഠിയും റായ്ബറേലിയുമെല്ലാം ഇതില്‍പ്പെടും. ഒരു സീറ്റ് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്ക് നല്‍കും. യുപിയിലെ ഇന്ത്യ സഖ്യത്തില്‍ ഈ മൂന്ന് പാര്‍ട്ടികളാണുള്ളത്.
19 സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു എന്നായിരുന്നു നേരത്തെയുള്ള വിവരം. ആദ്യം 10 സീറ്റും പിന്നീട് 15 സീറ്റും എസ്പി വാഗ്ദാനം ചെയ്തിരുന്നു. മുറാദാബാദ് സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടുണ്ട്. 2019ല്‍ എസ്പിയുടെ എസ്ടി ഹസന്‍ ജയിച്ച മണ്ഡലമാണിത്. അതേസമയം, വാരണാസി മണ്ഡലം എസ്പി കോണ്‍ഗ്രസിന് നല്‍കും. കൂടാതെ സിതാപൂര്‍, ഹത്രാസ് മണ്ഡലങ്ങള്‍ ഇരുപാര്‍ട്ടികളും വച്ചുമാറും.
പ്രിയങ്ക ഗാന്ധി നടത്തിയ ചര്‍ച്ചയാണ് വിജയം കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയ ഒഴിയുന്ന റായ്ബറേലി മണ്ഡലത്തില്‍ പ്രിയങ്ക മല്‍സരിക്കുമെന്നും വാര്‍ത്തകളുണ്ട്. രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതും പ്രിയങ്കയുടെ ഇടപെടലാണത്രെ. 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചിരുന്നത്. എസ്പി 111 സീറ്റിലും. ഇതെല്ലാം പരിഗണിച്ചാണ് ലോ്ക്‌സഭാ സീറ്റുകള്‍ വിഭജിച്ചിരിക്കുന്നത്. സീറ്റ് വിഭജനത്തിന്റെയും സഖ്യത്തിന്റെയും അന്തിമ പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഇരുപാര്‍ട്ടി വൃത്തങ്ങളും അറിയിച്ചു.












Click it and Unblock the Notifications