തമ്മിലടിച്ചു, ഭരണം ബിജെപിക്ക് ദാനം ചെയ്തു: ഇന്ത്യാ സഖ്യത്തില്‍ വിമർശനം ശക്തം, തുറന്നടിച്ച് രാജ
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പരസ്പരം മത്സരിച്ച എ എ പിക്കും കോണ്‍ഗ്രസിനുമെതിരെ വലിയ വിമർശനമാണ് ഇന്ത്യ മുന്നണിയില്‍ നിന്നും ഉയരുന്നത്. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ തുറന്നടിച്ചു. ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച് കോൺഗ്രസ് ആത്മ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ സഖ്യം പരസ്പരം മത്സരിച്ചതാണ് ബി ജെ പി ജയിക്കാന്‍ കാരണമായതെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്തും അഭിപ്രായപ്പെട്ടു. ഡൽഹിയിൽ കോൺഗ്രസിന്റെയും എ എ പി യുടെയും രാഷ്ട്രീയ എതിരാളി ബി ജെ പിയാണ്. രണ്ട് പാർട്ടികളും ബി ജെ പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചു.'ഇൻഡ്യ' സഖ്യം ഒറ്റകെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എ എ പിയേയും കോണ്‍ഗ്രസിനേയും പരിഹസിച്ച് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 'കുറച്ചുകൂടി പോരാടൂ' മനസ്സു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ' എന്ന് എഴുതിയ മീം ആണ് ജമ്മു ഒമർ അബ്ദുള്ള എക്സില്‍ പങ്കുവെച്ചത്. ഇതിന് തലക്കെട്ടായി 'നിങ്ങള്‍ തമ്മിലടി തുടരൂ' എന്നും അദ്ദേഹം എഴുതി.
ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസ് ബി ജെ പിക്ക് ജയിക്കാനുള്ള വഴിയൊരുക്കി കൊടുക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച് ഇടതുപക്ഷം പറഞ്ഞ ഓരോ കാര്യങ്ങളും ശരിയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്തു ബി ജെ പിയെ പരാജയപ്പെടുത്താനുള്ള കൂട്ടായ്മ സൃഷ്ടിക്കണം എന്ന നിലപാട് എടുത്തപ്പോഴാണ് ബി ജെ പിയെ തോൽപ്പിക്കാം എന്ന ഒരു മനസ്സ് ഇന്ത്യൻ ജനതയ്ക്ക് ഉണ്ടായത്.
അത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുമുണ്ട്. രണ്ടു ശതമാനം വോട്ടുകൂടി കിട്ടുകയും 38 സീറ്റുകൂടി അധികം നേടുകയും ചെയ്താൽ ചിത്രം മാറുമായിരുന്നു. പക്ഷെ കോൺഗ്രസ് ഇക്കാര്യം ഫലപ്രദമായ രീതിയിൽ രാജ്യത്തുടനീളം കൈകാര്യം ചെയ്യാത്തത് കൊണ്ടാണ് ഇന്ത്യ കൂട്ടായ്മയ്ക്ക് ഈ അവസരം നഷ്ടമായത്.
ഹരിയാന തെരഞ്ഞെടുപ്പിലും ഇത് തന്നെയാണ് സംഭവിച്ചത്. കോൺഗ്രസ് വമ്പിച്ച രീതിയിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ച് അമിത ആത്മവിശ്വാസത്തിന്റെ പുറത്ത് എസ് പി, എ എ പി ഉൾപ്പെടെയുള്ള ആരുമായും കൂട്ടായ്മയ്ക്ക് തയ്യാറായില്ല. ആരുടെയും സഹായം വേണ്ട ഒറ്റയ്ക്ക് ജയിക്കുമെന്ന പേരിൽ മത്സരിച്ച് ബി ജെ പിക്ക് വഴിയൊരുക്കി കൊടുക്കുകയാണ് അന്നും ഉണ്ടായത്. മഹാരാഷ്ട്രയുടെ കാര്യമെടുത്താലും ഇത് തന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications