ഇന്ത്യ സഖ്യം നാളെ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് ചെയ്യും; ഡല്‍ഹി തെരുവ് കീഴടക്കുമെന്ന് കോണ്‍ഗ്രസ്
ഇന്ത്യ സഖ്യം തിങ്കളാഴ്ച വീണ്ടും ഡല്‍ഹിയില്‍ സമരത്തിന്. ഇന്ത്യാ ഗേറ്റില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും. ഇന്ത്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടി നേതാക്കളും സമരത്തില്‍ ഭാഗമാകും. നേരത്തെ നടന്ന സമരത്തില്‍ ഇല്ലാതിരുന്ന എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് നാളെ പങ്കെടുക്കും. വൈകീട്ട് നാലിന് ശേഷമാണ് സുപ്രിംകോടതിയിലെത്തി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് ഇന്ത്യ സഖ്യ നേതാക്കള്‍ നിവേദനം നല്‍കുക.
രാജ്യം നേരിടുന്ന പ്രതിസന്ധി മനസിലാക്കി വിഷയത്തില്‍ ഇടപെടണം എന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ ചീഫ് ജസ്റ്റിനോട് ആവശ്യപ്പെടും. രാജ്യത്തെ എല്ലാ യുവജനങ്ങളും മാര്‍ച്ചില്‍ ഭാഗമാകണം എന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. സിജെപി മാര്‍ച്ച് നേരിടാന്‍ ജന്തര്‍ മന്തറില്‍ പോലീസ് കോട്ട സൃഷ്ടിച്ചിരിക്കെയാണ് ഇന്ത്യ സഖ്യം സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ എല്ലാ ഇന്ത്യക്കാരും മാര്‍ച്ചില്‍ പങ്കെടുക്കണം എന്ന് കെസി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. മോദി-അമിത് ഷാ ഭരണകൂടം നടത്തിയ വോട്ട് കൊള്ളക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യനേതാക്കള്‍, എംപിമാര്‍, പ്രവര്‍ത്തകര്‍ എന്നിവരെല്ലാം പങ്കെടുക്കുന്ന കൂറ്റന്‍ മാര്‍ച്ചാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ തെരുവുകള്‍ കീഴടക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വരുന്നവരെ തടയാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ഹോസ്റ്റലിലും വീടുകളിലും റെയ്ഡ് നടത്തുകയാണ് പോലീസ്. ട്രെയിന്‍ യാത്ര തടഞ്ഞതും സമരത്തിലേക്ക് ആളുകള്‍ എത്തരുത് എന്ന ഉദ്ദേശത്തോടെയാണ്. സിജെപിക്ക് പുറമെ ഇന്ത്യ സഖ്യം കൂടി ഡല്‍ഹിയില്‍ സമരത്തിന് ഇറങ്ങുമ്പോള്‍ ചിത്രം മാറിയേക്കും.
ജോണ്‍ ബ്രിട്ടാസ് ഐസിയുവില്‍
സമരത്തിനിടെ പോലീസ് മര്‍ദ്ദനമേറ്റ ജോണ്‍ ബ്രിട്ടാസ് എംപി ഐസിയുവില്‍. ആര്‍എംഎല്‍ ആശുപത്രിയിലാണ് അദ്ദേഹം ചികില്‍സയില്‍ കഴിയുന്നത്. പോലീസ് വാഹനത്തില്‍ വലിച്ചുകയറ്റിയ ശേഷം സീറ്റിലിട്ട് അമര്‍ത്തുകയായിരുന്നു. ഇതോടെയാണ് ജോണ്‍ ബ്രിട്ടാസിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ബ്രിട്ടാസിനെയും മറ്റൊരാളെയും ഒരു സീറ്റിലിട്ട് നിരവധി സിആര്‍പിഎഫുകാര്‍ ബലമായി അമര്‍ത്തി ശ്വാസം മുട്ടിക്കുകയായിരുന്നു എന്നാണ് ബ്രിട്ടാസ് പറയുന്നത്.
രാവിലെ സമരം തുടങ്ങുന്ന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ബ്രിട്ടാസിനെ പോലീസ് ബലമായി വാഹനത്തില്‍ കയറ്റിയത്. പിന്നീടായിരുന്നു മര്‍ദ്ദനം. എംപിയാണ് എന്ന് നിരവധി തവണ പറഞ്ഞിട്ടും പോലീസ് ഗൗനിച്ചില്ല. പിന്നീട് അല്‍പ്പ നേരത്തിന് ശേഷം റോഡില്‍ തള്ളുകയായിരുന്നു. ഇവിടെ നിന്ന് ഓട്ടോയില്‍ കയറിയാണ് പിന്നീട് ബ്രിട്ടാസ് എത്തിയതും തനിക്ക് നേരിട്ട അനുഭവം വിവരിച്ചതും. തൊട്ടുപിന്നാലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തന്നെ മര്‍ദ്ദിക്കുന്നത് ഡിസിപി സച്ചിന്‍ കണ്ടുവെന്നും ബ്രിട്ടാസ് പറഞ്ഞു.


Click it and Unblock the Notifications
