Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ സഖ്യത്തിന് തലവേദന ബംഗാളും കേരളവും; 'സാധ്യമാകുന്ന അത്ര' കടന്നുവന്നത് അങ്ങനെ

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഐക്യനിര പടുക്കാന്‍ തീരുമാനിച്ച ഇന്ത്യ സഖ്യത്തിന് തലവേദന സൃഷ്ടിച്ച് കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ചര്‍ച്ചകള്‍. ബിജെപിക്കെതിരെ ഐക്യ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനമാണ് മുംബൈയിലെ യോഗത്തിലുണ്ടായത്. എന്നാല്‍ കേരളത്തിലും ബംഗാളിലും സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടും.

സഖ്യത്തിലെ കക്ഷികള്‍ക്കിടയില്‍ സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നേതാക്കള്‍ ധാരണയായിട്ടുണ്ട്. ബംഗാളിലെയും കേരളത്തിലെയും ചര്‍ച്ചകള്‍ വന്നത് കാരണമാണ് പ്രമേയത്തില്‍ 'സാധ്യമാകുന്ന അത്ര സീറ്റുകളില്‍' ഐക്യ സ്ഥാനാര്‍ഥി എന്ന പദപ്രയോഗമുണ്ടായതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ബംഗാളിലും സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലും പരസ്പരം മല്‍സരിക്കുമെന്നാണ് വിവരം.

india-alliance

പട്‌നയിലെയും ബെംഗളൂരുവിലെയും യോഗത്തിന് ശേഷമാണ് ഇന്ത്യ സഖ്യം കഴിഞ്ഞ ദിവസം മുംബൈയില്‍ യോഗം ചേര്‍ന്നത്. ബിജെപിക്കെതിരെ ജയസാധ്യതയുള്ള പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് യോഗത്തിലെ ധാരണ. സീറ്റ് വിഭജനം സംബന്ധിച്ച് ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകും. തൊട്ടുപിന്നാലെ പ്രചാരണ ഘട്ടത്തിലേക്ക് കടക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യം ചര്‍ച്ചകള്‍ വേഗത്തിലാക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇത്രയും ശക്തമായ പ്രതിപക്ഷ ഐക്യനീക്കം രാജ്യത്ത് നടക്കുന്നത് ആദ്യമാണ്. പ്രതിപക്ഷ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ് ഒരു കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നില്ല. ബിജെപിക്ക് വടി കൊടുക്കേണ്ട എന്ന തന്ത്രത്തിന്റെ ഭാഗമാണിത്.

ബംഗാളില്‍ സഖ്യത്തിന്റെ പൊതു സ്ഥാനാര്‍ഥിയായി തൃണമൂല്‍ അംഗങ്ങളെ നിശ്ചയിക്കണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടുവത്രെ. ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉയര്‍ന്നുവെന്നാണ് വിവരം. മമതയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും മാധ്യമങ്ങളെ കാണാന്‍ നില്‍ക്കാതെ കൊല്‍ക്കത്തയിലേക്ക് മടങ്ങിയത് അസ്വാരസ്യത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു. ഇടതുനേതാക്കള്‍ യോഗത്തില്‍ ദീര്‍ഘനേരം സംസാരിച്ചതും മമതയെ ചൊടിപ്പിച്ചുവെന്നാണ് വാര്‍ത്ത.

ഈ മാസം പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കമാണോ ഇത് എന്നാണ് സംശയം. മാത്രമല്ല, രാജ്യത്ത് ഒരു തിരഞ്ഞെടുപ്പ് മതി എന്ന ചര്‍ച്ചകള്‍ക്കും ബിജെപി തുടക്കമിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ സഖ്യം ഭിന്നതകള്‍ അവസാനിച്ച് ഒരുക്കം വേഗത്തിലാക്കുന്നത്. പ്രതിപക്ഷ സഖ്യം ദേശീയ നയം രൂപീകരിക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ സിപിഎം ഭരണത്തിലും കോണ്‍ഗ്രസ് പ്രതിപക്ഷത്തുമാണ്. ഭൂരിഭാഗം സീറ്റുകളിലും ബിജെപിയുടെ വെല്ലുവിളിയില്ല. ആര് ജയിച്ചാലും ഇന്ത്യ സഖ്യത്തിന് കോട്ടമില്ല. ഈ സാഹചര്യത്തിലാണ് മറ്റു സംസ്ഥാനങ്ങളിലെ നയം കേരളത്തില്‍ വേണ്ടതില്ല എന്ന ചര്‍ച്ച വന്നത്. ബംഗാളിലും സീറ്റ് വിഭജനം വെല്ലുവിളി നിറഞ്ഞതാകും. ബംഗാളിലും ഇന്ത്യ സഖ്യത്തിന് ഒരു സ്ഥാനാര്‍ഥി എന്ന നയം നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് മുംബൈയിലെ യോഗത്തില്‍ സംബന്ധിച്ച നേതാവ് പ്രതികരിച്ചു.

അതേസമയം, വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞുവെന്നാണ് വിവരം. സീറ്റ് വിഭജന വിഷയത്തില്‍ പ്രാദേശിക കക്ഷികളുമായി കടുംപിടിത്തമുണ്ടാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസും എഎപിയും സീറ്റ് വിഭജന തര്‍ക്കമുണ്ടാകുമെന്ന സൂചനകള്‍ക്കിടെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയതത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+