കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാന്‍ ഇന്ത്യ ചൈന തീരുമാനം: വിമാനവും വീണ്ടും പറന്ന് തുടങ്ങും
ഡല്‍ഹി: കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ച് ഇന്ത്യയും ചൈനയും. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് 2020 മുതൽ നിർത്തിവച്ച തീർത്ഥാടന യാത്ര പുനരാംരംഭിക്കാനുള്ള തീരുമാനമുണ്ടായത്. ഇതോടൊപ്പം തന്നെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വിമാന സർവ്വീസുകള്‍ പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്.
2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിലെ സംഘർഷങ്ങളെ തുടർന്ന് വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അന്നത്തെ കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തിരുന്നു. ഇതിന പിന്നാലെയാണ് നാല് വർഷം മുമ്പ് നിർത്തിവെച്ച കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

2020 ല്‍ കോവിഡ് വ്യാപനത്തെ തുടർന്നാണ് യാത്ര നിർത്തിവെച്ചത്. പിന്നീട് ഗല്‍വാനിലെ നിയന്ത്രണ രേഖയിലുണ്ടായ സംഘർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയും ചെയ്തു. നിരവധി തവണത്തെ ഉന്നതതല ചർച്ചകള്‍ക്ക് ശേഷം അതിർത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമാകുകയും ഇരു രാജ്യങ്ങളും സേനയെ പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികളിലേക്കും കടക്കുകയായിരുന്നു.
2025-ലെ വേനൽക്കാലത്തായിരിക്കും കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുക. യാത്ര സുഗമമാക്കുന്നതിനുള്ള മാർഗങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കും. ഇന്ത്യയും ചൈനയും നയതന്ത്രബന്ധം സ്ഥാപിച്ചതിൻ്റെ 75-ാം വാർഷികം പൊതുജനങ്ങൾക്കിടയിൽ പരസ്പര വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി ഉപയോഗപ്പെടുത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി. 75-ാം വാർഷികത്തോടനുബന്ധിച്ച് രണ്ട് രാജ്യങ്ങളും ചേർന്ന് നിരവധി പരിപാടികളും നടത്തും.
അതോടൊപ്പം തന്നെ നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ വിവരങ്ങളും മറ്റു സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ചുള്ള ഉന്നതതല യോഗവും അടുത്ത് തന്നെ നടക്കും. ഇതിനായി ഇന്ത്യ-ചൈന വിദഗ്‌ധ തല യോഗം ചേരാനും ചൈന സമ്മതിച്ചെന്നും ബന്ധം ദൃഢമാക്കാനും ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയായെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ടിബന്‍ ഭൂപ്രദേശത്ത് പുതിയ അണക്കെട്ട് നിർമ്മിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് നദികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചർച്ചയ്ക്ക് തയ്യാറായത് എന്നതും ശ്രദ്ധേയമാണ്. 137 ബില്യൺ യുഎസ് ഡോളർ (13700 കോടി) ചിലവ് വരുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബ്രഹ്മപുത്ര നദിയിൽ നിർമ്മിക്കാന്‍ പോകുന്നത്. ഇന്ത്യക്കും ബംഗ്ലാദേശിനും വലിയ ആശങ്ക ഉയർത്തുന്നതാണ് ചൈനയുടെ പുതിയ നീക്കം.
ബ്രഹ്മപുത്ര നദി ദിശമാറി അരുണാചൽപ്രദേശിലേക്ക് ഒഴുകുന്ന ഹിമാലയൻ നിരകളിലെ വൻ കൊക്കയോടു ചേർന്നാണ് പുതിയ ഡാം നിർമ്മിക്കാന്‍ പോകുന്നത്. അണക്കെട്ട് വിവിധ തരത്തില്‍ ഇന്ത്യക്ക് വെല്ലുവിളിയാകമെന്നതില്‍ സംശയമില്ല. ബ്രഹ്മപുത്രയിലെ ജലപ്രവാഹത്തെ നിയന്ത്രിക്കാനുള്ള ശേഷി ലഭിക്കുന്നതിനോടൊപ്പം സംഘർഷ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ അതിർത്തിയിലേക്ക് വലിയ തോതില്‍ ജലം തുറന്ന് വിടാനും ചൈനക്ക് സാധിച്ചേക്കും.












Click it and Unblock the Notifications