നയതന്ത്ര ചര്‍ച്ചകളുമായി ഇന്ത്യയും ചൈനയും; 'സൈനിക പിന്മാറ്റം പോസിറ്റീവ്'
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഡെപ്സാംഗില്‍ നിന്നും ഡെംചോക്കില്‍ നിന്നും സൈന്യങ്ങളെ പിന്‍വലിച്ച് ഒരു മാസത്തിന് ശേഷം അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് ഇന്ത്യയും ചൈനയും. വ്യാഴാഴ്ച നടന്ന ഇന്ത്യ-ചൈന അതിര്‍ത്തി കാര്യങ്ങളുടെ (ഡബ്ല്യുഎംസിസി) വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്റെ 32-ാമത് യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത് ജോയിന്റ് സെക്രട്ടറി ഗൗരംഗലാല്‍ ദാസാണ്.
ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അതിര്‍ത്തി -സമുദ്രകാര്യ വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ ഹോങ് ലിയാങ് ആണ് ചൈനീസ് പ്രതിനിധി സംഘത്തെ നയിച്ചത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ പിന്‍വാങ്ങുന്നത് സംബന്ധിച്ച നീക്കത്തെ പോസിറ്റീവായാണ് കാണുന്നത് എന്ന് ഇന്ത്യയും ചൈനയും സ്ഥിരീകരിച്ചു. ഉഭയകക്ഷി കരാറുകള്‍ക്ക് അനുസൃതമായി അതിര്‍ത്തി മാനേജ്‌മെന്റ് കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയും ഇരു രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 21 നാണ് ഇന്ത്യ ചൈനയുമായി അതിര്‍ത്തി ധാരണയിലെത്തിയത്. ഇതിനെത്തുടര്‍ന്ന് 2020 ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലിനുശേഷം കിഴക്കന്‍ ലഡാക്കിലെ ഡെപ്സാംഗ്, ഡെംചോക്ക് എന്നീ പ്രദേശങ്ങളില്‍ സ്ഥാപിച്ച ടെന്റുകള്‍ പൊളിച്ചുനീക്കിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഒക്ടോബര്‍ 23 ന് റഷ്യയിലെ കസാനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഉഭയകക്ഷി ചര്‍ച്ച നടത്തി.
പ്രസക്തമായ ഉഭയകക്ഷി കരാറുകള്‍, പ്രോട്ടോക്കോളുകള്‍, രണ്ട് ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ധാരണകള്‍ എന്നിവയ്ക്ക് അനുസൃതമായി ഫലപ്രദമായ അതിര്‍ത്തി മാനേജ്‌മെന്റിന്റെയും സമാധാനവും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. അതേസമയം സൈനിക പിന്‍മാറ്റം ഒരു പ്രക്രിയയുടെ ഭാഗം എന്നായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിശേഷിപ്പിച്ചത്.
ഇത് ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും പരിഹരിക്കുന്നതിനും ഇടയാക്കും. ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതിയുണ്ടെന്ന് ജയശങ്കര്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. സമീപകാലത്തെ സൈനിക നയതന്ത്ര ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണ്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ പരസ്പര സ്വീകാര്യമായ ചട്ടക്കൂട് തയ്യാറാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പ്രശ്നബാധിത മേഖലകളിലെ സേനാപിന്മാറ്റം വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതിന് പിന്നാലെ തര്‍ക്കബാധിത മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കുന്നതിലും ചര്‍ച്ച നടത്തും,' അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications