വിജയ് മല്യയുള്‍പ്പെടെയുള്ള 60 കുറ്റവാളികളെ വിട്ടുനല്‍കണമെന്ന് ബ്രിട്ടനോട് ഇന്ത്യ
ബ്രിട്ടീഷ് പ്രസിഡന്റ് തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആവശ്യം ഉന്നയിച്ചത്
ദില്ലി: ബ്രിട്ടനിലുള്ള ഇന്ത്യന്‍ വ്യവസായി വിജയ് മല്യയും ലളിത് മോഡിയുമുള്‍പ്പെടെ 60 കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യ. മൂന്ന് ദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രസിഡന്റ് തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആവശ്യം ഉന്നയിച്ചത്.
വിവിധ കേസുകളില്‍ പ്രതിയായ ഇന്ത്യ തിരയുന്ന 60 കുറ്റവാളികളുടെ പട്ടികയും ചര്‍ച്ചയ്ക്കിടെ തെരേസ മേയ്ക്ക് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം ബ്രിട്ടന്‍ തിരയുന്ന 17 കുറ്റവാളികളുടെ പേരും തെരേസ മേ ഇന്ത്യയ്ക്ക് കൈമാറി. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലി കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മൈക്കിളിന്റെ പേരും ഇന്ത്യ കൈമാറിയ പട്ടികയിലുണ്ട്.

ഇരു രാജ്യങ്ങളും ചേര്‍ന്ന് കൈക്കൊണ്ട സംയുക്ത പ്രസ്താവനയില്‍ ഭീകരവാദത്തിനെതിരെയുള്ള നിലപാട് ശക്തിപ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കും ഭീകരര്‍ക്ക് താവളമൊരുക്കുന്നവര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും തെരേസ മേ ആവശ്യപ്പെട്ടു. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിലും മേ ആശങ്ക പ്രകടിപ്പിച്ചു. 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പഠാന്‍കോട്ട് ഭീകരാക്രമണം എന്നിവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്‍പാകെ കൊണ്ടുവരണമെന്നും പാകിസ്താനോട് ഇരുവരും അഭ്യര്‍ത്ഥിച്ചു.
ജമ്മു കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ അപലപിച്ച മേ ഭീകരവാദത്തെ ചെറുക്കാന്‍ ഇരു രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഭീകരത, സംഘടിത കുറ്റകൃത്യങ്ങള്‍, വിസ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലത്തില്‍ വാര്‍ഷിക ചര്‍ച്ച സംഘടിപ്പിക്കാനും കൂടിക്കാഴ്ചക്കിടെ ധാരണയിലെത്തി.












Click it and Unblock the Notifications