നേതാജിയുടെ തിരോധാനം; റഷ്യ ഫയലുകള്‍ പുറത്തുവിട്ടേക്കും
ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിന്റെ ദുരൂഹതകള്‍ നീക്കണമെന്ന ബന്ധുക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് നേതാജിയെക്കുറിച്ചുള്ള ഫയലുകള്‍ ഇന്ത്യയ്ക്കു കൈമാറണമെന്ന് റഷ്യയോട് അഭ്യര്‍ഥിച്ചു. റഷ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യന്‍ വിദേശകാര്യ മന്ത്രിയോടാണ് അഭ്യര്‍ഥന നടത്തിയത്.
ഇന്ത്യയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് റഷ്യ ഉറപ്പു നല്‍കിയിട്ടുണ്ട്. റഷ്യയെ കൂടാതെ ജപ്പാന്‍, ചൈന, സിംഗപ്പൂര്‍, മലേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ കൈകളില്‍ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവയെല്ലാം ശേഖരിച്ച് ഘട്ടം ഘട്ടമായി പുറത്തുവിടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു ഫയലുകള്‍ പുറത്തുവിടാനുള്ള തീരുമാനമുണ്ടായത്. 2016 ജനുവരി 23ന് ആദ്യഘട്ട ഫയലുകള്‍ പുറത്തുവിടുമെന്ന് മോദി ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 12,000 പേജുകളുള്ള 64 രഹസ്യ രേഖകള്‍ അടുത്തിടെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരും ഫയലുകളിലെ രഹസ്യാത്മകത നീക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1945 ഓഗസ്റ്റ് 15നു തായ്‌വാനില്‍ നടന്ന വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടു എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കിലും പല രാജ്യങ്ങളിലായി നേതാജിയെ പിന്നീടും കണ്ടുവെന്ന വാര്‍ത്തകളുണ്ടായിരുന്നു.












Click it and Unblock the Notifications