'ഇന്ത്യാ സഖ്യം ഭൂരിപക്ഷം നേടും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: കർണാടകയില്‍ സംമ്പൂർണ്ണ വിജയം'
ബെംഗളൂരു: കർണാടകയിലെ 20 ലോക്‌സഭാ സീറ്റുകളും കോൺഗ്രസ് നേടുമെന്ന് പാർട്ടി നേതാവ് നേതാവ് സലീം അഹമ്മദ്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി കേന്ദ്രത്തിൽ ഇന്ത്യാ സഖ്യം അധികാരത്തിലെത്തും. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് യുവാക്കൾ ആഗ്രഹിക്കുന്നു. വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ ബി ജെ പി പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് മനസ്സിലാക്കിയ ബി ജെ പി നേതാക്കൾ വർഗീയ പ്രസ്താവനകൾ നടത്തി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജൂൺ മൂന്നിന് നടക്കുന്ന കർണ്ടാകയിലെ എം എല്‍ സി തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും പാർട്ടി സ്ഥാനാർത്ഥികള്‍ വിജയിക്കുമെന്നും ലെജിസ്ലേറ്റീവ് കൗൺസിലിലെ കോൺഗ്രസ് ചീഫ് വിപ്പ് കൂടിയായ സലീം അഹമ്മദ് അവകാശപ്പെട്ടു ബിരുദ, അധ്യാപക മണ്ഡലങ്ങളിലെ ആറ് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമോഗ, കുടക്, ഉത്തര കന്നഡ ജില്ലകളിലെ എം എൽ സി തിരഞ്ഞെടുപ്പിൻ്റെ കെ പി സി സി നിരീക്ഷകനുമാണ് സലീം അഹമ്മദ്.

യുവാക്കൾക്കും അധ്യാപകർക്കും ബി ജെ പിയോട് കടുത്ത എതിർപ്പുണ്ടെന്നും സലീം അഹമ്മദ് അവകാശപ്പെട്ടു. "അവർ ഒരു മാറ്റത്തിനായി കൊതിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സൗത്ത് വെസ്റ്റ് അധ്യാപക മണ്ഡലം സ്ഥാനാർത്ഥി കെ കെ മഞ്ജുനാഥ് നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. ബിരുദധാരികളുടെ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ആയന്നൂർ മഞ്ജുനാഥ് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. വരും ദിവസങ്ങളിൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്" സലീം അഹമ്മദ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
'സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു. അധ്യാപകർക്കായി ക്ഷേമപദ്ധതികൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാവർക്കും തുല്യ ജീവിതം, എല്ലാവർക്കും തുല്യ വിഹിതം എന്ന തത്വശാസ്ത്രത്തിൽ സംസ്ഥാന സർക്കാർ ശക്തമായി വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. കോൺഗ്രസ് സർക്കാരിൻ്റെ അഞ്ച് ഗ്യാരണ്ടി പദ്ധതികൾ ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊലപാതകങ്ങളെയും ഗ്യാങ് വാറുകളേയും തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന ബിജെപിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരം കേസുകളിൽ സംസ്ഥാന സർക്കാർ കർശന നടപടിയാണ് സ്വീകരിച്ചതെന്നും അഹമ്മദ് പറഞ്ഞു. "സംസ്ഥാനത്ത് ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം തുടരുകയും ചെയ്തു. സംസ്ഥാനത്ത് ക്രമസമാധാനവും സമാധാനവും ഐക്യവും ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്." അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications