ഇന്ത്യാ സഖ്യത്തിന്റെ മെഗാ റാലിക്ക് ഡല്‍ഹി പൊലീസിന്റെ അനുമതി; കച്ചവടം നഷ്ടത്തിലാകുമെന്ന് വ്യാപാരികള്‍
ഇന്ത്യാ സഖ്യം ഇന്ന് രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന 'ചലോ ദില്ലി' മാര്‍ച്ചിന് അനുമതി നല്‍കിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. എന്നാല്‍, കണാട്ട് പ്ലേസ്-മിന്റോ റോഡ് ജംഗ്ഷനില്‍ നിന്ന് രാംലീല മൈതാനത്തേക്കുള്ള മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമില്‍ നടന്ന സംവാദത്തിനിടെ, മിന്റോ റോഡ്-കണാട്ട് പ്ലേസില്‍ നിന്ന് ഉച്ചയ്ക്ക് മാര്‍ച്ച് ആരംഭിച്ച് രാംലീല മൈതാനത്ത് സമാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഈ റാലിയില്‍ പങ്കുചേരാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ കണാട്ട് പ്ലേസ്-മിന്റോ റോഡില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിനെക്കുറിച്ച് പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ്18 നോട് പറഞ്ഞു. 'ഇതിനായി അനുമതി തേടിയിട്ടില്ല. ന്യൂഡല്‍ഹി ജില്ലാ പോലീസിനെയോ സെന്‍ട്രല്‍ ജില്ലാ പോലീസിനെയോ ഈ മാര്‍ച്ചിനെക്കുറിച്ച് അറിയിച്ചിട്ടുമില്ല,' അവര്‍ വ്യക്തമാക്കി.

മാര്‍ച്ചിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും, രാംലീല മൈതാനത്തേക്കുള്ള ഈ മാര്‍ച്ച് പ്രതിപക്ഷ നേതാക്കളും മറ്റ് പങ്കാളികളും നടത്തുന്നതില്‍ നിന്ന് പൊലീസ് തടയുമോ എന്ന കാര്യത്തില്‍ അവര്‍ പ്രതികരിച്ചില്ല. വിവാദമായ എസ്‌ഐആര്‍ നടപടി പിന്‍വലിക്കണമെന്നും, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യം ഞായറാഴ്ച ഡല്‍ഹിയിലെ രാംലീല മൈതാനത്ത് റാലി സംഘടിപ്പിക്കുന്നത്.
അതിനിടെ രാംലീല മൈതാനത്ത് നടത്താനിരിക്കുന്ന റാലി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി രാഹുലടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കള്‍ക്ക് കത്തെഴുതി. ദീപാവലി, ധന്തേരാസ് ആഘോഷങ്ങളുടെ തിരക്കുള്ള സമയമായതിനാല്‍, ഈ റാലി കച്ചവടക്കാര്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയേക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹിയിലെ വ്യാപാരികളെയും സംരംഭകരെയും പ്രതിനിധീകരിക്കുന്ന പ്രധാന സംഘടനകളിലൊന്നായ സിടിഐ അഖിലേഷ് യാദവ്, മമത ബാനര്‍ജി, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കള്‍ക്ക് കത്തയച്ചു. ദീപാവലി അടുത്തതിനാല്‍ നവംബര്‍ 10-11 തീയതികള്‍ക്ക് ശേഷം റാലി നടത്താന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ രാംലീല മൈതാനത്ത് നിശ്ചയിച്ചതുപോലെ തന്നെ വമ്പന്‍ റാലി സംഘടിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
'പ്രതിപക്ഷത്തുള്ളവരും, വരാന്‍ ആഗ്രഹിക്കുന്ന മറ്റെല്ലാവരും, അവര്‍ രാഷ്ട്രീയക്കാരോ അല്ലാത്തവരോ ആകട്ടെ, സാമൂഹിക പ്രവര്‍ത്തകര്‍, സേവന രംഗത്തുള്ളവര്‍, സിവില്‍ സമൂഹത്തിലെ അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും വരണം. നരേന്ദ്ര മോദി, അമിത് ഷാ, തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഗ്യനേഷ് കുമാറും അദ്ദേഹത്തിന്റെ സംഘവും ചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതിനെതിരെയുള്ളതാണ് ഈ പരിപാടികള്‍,' രാഹുല്‍ ഗാന്ധി പറഞ്ഞു.
തലസ്ഥാനത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ആളുകള്‍ ഡല്‍ഹിയിലേക്ക് വരുന്നത് തടയാന്‍ ആഭ്യന്തര മന്ത്രി പരമാവധി ശ്രമിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് വരാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും സാധാരണക്കാരെയും തടയാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.


Click it and Unblock the Notifications
