രാജ്യസഭാ ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഇന്ത്യാ ബ്ലോക്ക്
ന്യൂഡല്‍ഹി: രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍ഖറിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഇന്ത്യാ ബ്ലോക്ക്. പ്രതിപക്ഷവുമായി ബന്ധമുള്ള ചില പാര്‍ട്ടികള്‍ ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സമവായമായിട്ടില്ല. പ്രതിപക്ഷ എം പിമാരുമായി രാജ്യസഭാ ചെയര്‍മാന്‍ നിരന്തരം ഏറ്റുമുട്ടുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇന്ത്യാ ബ്ലോക്കിലെ വിവിധ പാര്‍ട്ടികളില്‍ നിന്നായി 70 എം പിമാര്‍ പ്രമേയത്തിന് അനുകൂലമായി ഒപ്പ് വെച്ചതായാണ് വിവരം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ ഇന്ത്യാ ബ്ലോക്ക് ഘടകകക്ഷികള്‍ പ്രമേയവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ ഒറ്റക്കെട്ടാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭാ ചെയര്‍മാന്‍ ഭരണകക്ഷികളോട് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പ്രതിപക്ഷ എം പിമാര്‍ നിരന്തരം ആരോപിച്ചിരുന്നു.

പ്രതിപക്ഷത്തിന്റെ പ്രസംഗങ്ങള്‍ ഇടയ്ക്കിടെ തടസപ്പെടുത്തുകയും നിര്‍ണായക വിഷയങ്ങളില്‍ മതിയായ സംവാദം അനുവദിക്കാതിരിക്കുകയും ചര്‍ച്ചകളില്‍ ഭരണകക്ഷിക്ക് അനുകൂലമായി പെരുമാറുകയും ചെയ്യുന്നു എന്നാണ് ഇന്ത്യാ സഖ്യത്തിന്റെ ആരോപണം. രാജ്യസഭാ ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം പ്രതിപക്ഷം ആലോചിക്കുന്നതായി ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ, രാജ്യസഭയില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്ഥലവും സമയവും കുറയുന്നത് സംബന്ധിച്ച് പ്രതിപക്ഷ എം പിമാര്‍ ആശങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗങ്ങള്‍ തടസപ്പെടുത്തുന്നത് കോണ്‍ഗ്രസ് ഒരു പ്രധാന തര്‍ക്ക വിഷയമായി ഉന്നയിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ മൈക്ക് ഒന്നിലധികം തവണ ഓഫാക്കി എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ അംഗങ്ങള്‍ക്കെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയെന്നും ഇത് പാര്‍ലമെന്ററി ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് അംഗങ്ങളെ വിലക്കുന്ന രാജ്യസഭയുടെ ചട്ടം 238(2) ചെയര്‍മാനും ബാധകമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശതകോടീശ്വരന്‍ നിക്ഷേപകനായ ജോര്‍ജ്ജ് സോറോസുമായി സഹകരിച്ച് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി തിങ്കളാഴ്ച രാജ്യസഭ തടസപ്പെടുത്തിയിരുന്നു. ഇതിനിടെ ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും ഉള്ള ആന്തരികവും ബാഹ്യവുമായ ഭീഷണികളെക്കുറിച്ച് ജഗ്ദീപ് ധന്‍ഖര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications