ജന്തര്‍ മന്തറിലേക്ക് അപ്രതീക്ഷിത മാര്‍ച്ചുമായി ഇന്ത്യാ സഖ്യം; നയിച്ച് രാഹുല്‍ ഗാന്ധി.. സംഘര്‍ഷം
ജന്തര്‍ മന്തറിലേക്ക് അപ്രതീക്ഷിത മാര്‍ച്ചുമായി ഇന്ത്യാ സഖ്യം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യത്തിലെ എംപിമാരാണ് മാര്‍ച്ച് നടത്തുന്നത്. അതിനിടെ ജന്തര്‍ മന്തര്‍ ലക്ഷ്യമാക്കി എംപിമാര്‍ സഞ്ചരിച്ച ബസ് പൊലീസ് വഴിമധ്യേ തടഞ്ഞു. ഇതോടെ രാഹുലും പ്രിയങ്കയും അടക്കമുള്ള എംപിമാര്‍ ബസില്‍ നിന്നിറങ്ങുകയും ചെയ്തു. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഡല്‍ഹിയിലെ ഒരു റെസ്റ്റോറന്റില്‍ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായുള്ള കൂടിക്കാഴ്ചയ്ക്കും ഭക്ഷണത്തിനും ശേഷമാണ് ഇന്ത്യ സഖ്യ നേതാക്കള്‍ ജന്തര്‍ മന്തറിലേക്ക് പുറപ്പെട്ടത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരും എന്ന് പ്രതിപക്ഷ സഖ്യത്തിലെ എംപിമാര്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണപ്രകാരമാണ് പ്രതിപക്ഷ നേതാക്കള്‍ ജന്‍പഥിലുള്ള സാഗര്‍ രത്‌ന റെസ്റ്റോറന്റില്‍ ഒത്തുകൂടിയത്.

ജനാധിപത്യം തകര്‍ക്കപ്പെടുകയാണെന്ന് ആരോപിച്ച ഖാര്‍ഗെ, വോട്ട് ചോരി വിഷയം പ്രതിപക്ഷം ജനങ്ങളിലെത്തിക്കുമെന്ന് പറഞ്ഞു. ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജന്‍പഥിലെ സാഗര്‍ രത്‌ന റെസ്റ്റോറന്റിന് പുറത്ത് ബസുകള്‍ സജ്ജീകരിച്ചിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം എംപിമാര്‍ അതില്‍ കയറി ജന്തര്‍ മന്ദറിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
എന്നാല്‍ ജന്തര്‍ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിരുന്നു. പിന്നാലെ പ്രതിപക്ഷ എംപിമാരുടെ ബസുകളും തടഞ്ഞു. ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. പരിപാടിക്ക് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും ന്യൂഡല്‍ഹി ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാല്‍ പ്രതിപക്ഷ എംപിമാര്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുമെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. 'ഇന്നലെ പറഞ്ഞതുപോലെ, ഏകദേശം 300 എംപിമാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണണമായിരുന്നു, എന്നാല്‍ അവിടെ പ്രതിഷേധിക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. അതിനാല്‍, നിശ്ചയിക്കപ്പെട്ട പ്രതിഷേധ സ്ഥലമായ ജന്തര്‍ മന്ദറിലേക്ക് പോയി അവിടെ വീണ്ടും ഒത്തുചേരാനും, ഗ്യാനേഷ് കുമാര്‍ രാജ്യത്തിന്റെ നിയമാനുസൃതമായ തിരഞ്ഞെടുപ്പ് കമ്മീഷണറല്ലെന്ന് രാജ്യത്തോട് വിളിച്ചുപറയാനുമാണ് ഞങ്ങളുടെ ഇന്നത്തെ പദ്ധതി,' രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച പ്രതിപക്ഷ എംപിമാരെ തടഞ്ഞതിനെത്തുടര്‍ന്ന്, പാര്‍ലമെന്റ് സ്ട്രീറ്റില്‍ പൂര്‍ണമായ ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ട് എട്ട് മണിക്കൂറിലധികം നീണ്ട കുത്തിയിരിപ്പ് സമരത്തിന് രാഹുല്‍ നേതൃത്വം നല്‍കിയിരുന്നു. ഒടുവില്‍ ബലമായി കസ്റ്റഡിയിലെടുത്താണ് സമരം അവസാനിപ്പിച്ചത്. രണ്ട് മണിക്കൂറോളം കസ്റ്റഡിയിലായിരുന്ന രാഹുലിനെയും മറ്റുള്ളവരെയും രാത്രി 10 മണിക്ക് ശേഷം വിട്ടയച്ചു.
വോട്ടര്‍ പട്ടികയില്‍ നിന്ന് ഏകദേശം 13 കോടി ആളുകളുടെ പേരുകള്‍ നീക്കം ചെയ്‌തെന്ന് ആരോപിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ടവരുടെ ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയാണ് പ്രതിപക്ഷം പോരാടുന്നതെന്ന് കോണ്‍ഗ്രസ് എംപി മല്ലു രവി പറഞ്ഞു.
'ഇന്ത്യയിലെ ജനാധിപത്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. ഏകദേശം 13 കോടി ആളുകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അവര്‍ രണ്ടാംതരം പൗരന്മാരായി മാറിയിരിക്കുന്നു. ഇന്ത്യയില്‍ വോട്ടവകാശമുള്ളവരും ഇല്ലാത്തവരും എന്നിങ്ങനെ രണ്ട് തരം പൗരന്മാര്‍ ഉണ്ടാകാന്‍ പാടില്ല. അതിനാല്‍, ഇതൊരു സ്വാതന്ത്ര്യസമരം പോലെയാണ്,' രവി പറഞ്ഞു.


Click it and Unblock the Notifications
